| Sunday, 9th August 2026, 10:36 am

വ്യാപാരികള്‍ക്ക് ചാര്‍ജ് ഈടാക്കും, യു.പി.ഐയില്‍ പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: യൂണിഫൈഡ് പേയ്മന്റ് ഇന്റ്‌റര്‍ഫേസ് (യു.പി.ഐ) ഉപയോഗിച്ച് പണം കൈമാറുന്ന ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, ഭാവിയില്‍ തെരഞ്ഞെടുത്ത ചില വ്യാപാര ഇടപാടുകള്‍ക്ക് നാമമാത്രമായ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) ഏര്‍പ്പെടുത്തുമെന്നും ഭൂരിഭാഗം യു.പി.ഐ ഇടപാടുകളും സൗജന്യമായി തുടരുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

നിശ്ചിത നിരക്കില്‍ പരിമിതമായ വ്യാപാരികള്‍ക്കാണ് നിലവില്‍ എം.ഡി.ആര്‍ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുക. ഇത് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ വളരെ കുറവായിരിക്കുമെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

യു.പി.ഐ ഇടപാടുകളുടെ പ്രോസസ്സിംഗ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായ് ബാങ്കുകള്‍ വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന് ഫീസാണ് എം.ഡി.ആര്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇടപാട് മൂല്യത്തിന്റെ 1-3 ശതമാനവും ഡെബിറ്റ്കാര്‍ഡുകള്‍ക്ക് 0.9 ശതമാനം വരെയും എം.ഡി.ആര്‍ ഈടാക്കുന്നു.

2026 ലെ നികുതി,മറ്റ് നിയമങ്ങളുടെ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.

ധനമന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ലോക്‌സഭ പാസാക്കിയ ബില്‍ 2007ലെ പേയ്മന്റ് ആന്‍ഡ് സെറ്റില്‍മെന്റ് ആക്ടില്‍ ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. ഇതോടെയാണ് യു.പി.ഐയിലെ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സാധ്യത വര്‍ധിച്ചത്. ഭാവിയില്‍ എം.ഡി.ആര്‍ ചാര്‍ജുകള്‍ നേരിടേണ്ടി വരുന്ന വ്യാപാരികള്‍ ഈ ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറുമോയെന്ന ആശങ്കയും ഈ ഭേദഗതി ബില്ലില്‍മേല്‍ ഉയരുന്നുണ്ട്.

എന്നാല്‍ വലിയ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് യു.പി.ഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കരുതെന്ന് പേയ്മന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു.

‘നികുതി ബില്ലിലെ ഭേദഗതികള്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ നിരക്കുകള്‍ ചുമത്താനുള്ള നീക്കമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതായും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: UPI transactions free for citizens; merchants will be charged, central government comes up with new policy

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more