| Thursday, 14th August 2025, 8:00 pm

സൂപ്പര്‍സ്റ്റാറിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന 'റിയല്‍ സ്റ്റാര്‍', കൂലിയില്‍ കൈയടി നേടി ഉപേന്ദ്ര

അമര്‍നാഥ് എം.

വന്‍ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് കൂലി. രജിനികാന്തും ലോകേഷും ഒന്നിച്ച ചിത്രത്തിന് വന്‍ വരവേല്പായിരുന്നു എല്ലായിടത്തും ലഭിച്ചത്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ ഒരുക്കിയ ലോകേഷില്‍ നിന്ന് വമ്പന്‍ മാസ് ചിത്രമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ ശരാശരിക്ക് മുകളിലുള്ള അനുഭവമാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

ആക്ഷന്‍ ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ ഡ്രാമക്കാണ് ഇത്തവണ ലോകേഷ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. കണ്ടുശീലിച്ച കഥയുടെ അവതരണം പ്രേക്ഷകരെ ചെറുതായി പിന്നോട്ടടിപ്പിച്ചു. എന്നിരുന്നാലും കൃത്യസമയത്ത് പ്ലെയ്‌സ് ചെയ്ത ആക്ഷന്‍ സീനുകള്‍ കൊണ്ട് ചിത്രം മികച്ച തിയേറ്റര്‍ അനുഭവമായി മാറിയിട്ടുണ്ട്.

വന്‍ സ്റ്റാര്‍ കാസ്റ്റുള്ള ചിത്രത്തില്‍ റിലീസിന് മുമ്പ് എല്ലാവരും ശ്രദ്ധിച്ചത് നാഗാര്‍ജുന, സൗബിന്‍, ആമിര്‍ ഖാന്‍ എന്നിവരെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അപ്രതീക്ഷിതമായി വന്ന് കൈയടി നേടിയത് കന്നഡ താരം ഉപേന്ദ്രയായിരുന്നു. നടന്‍ സംവിധായകന്‍ എന്നീ നിലകളില്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ ഉപേന്ദ്ര ആദ്യമായാണ് രജിനിയോടൊപ്പം ഒന്നിക്കുന്നത്.

സ്‌ക്രീനിലെത്തുന്ന സമയം മുതല്‍ ക്ലൈമാക്‌സ് വരെ അപാര ഡോമിനേഷന്‍ കാഴ്ചവെക്കാന്‍ ഉപേന്ദ്രക്ക് സാധിച്ചു. മലയാളികള്‍ക്ക് തീരെ കണ്ടുപരിചയമില്ലാത്ത മുഖമായിരുന്നിട്ട് കൂടി ഫസ്റ്റ് ഇന്‍ട്രോയ്ക്കും സെക്കന്‍ഡ് ഇന്‍ട്രോയ്ക്കും ഉപേന്ദ്രക്ക് ലഭിച്ച കൈയടി ആ കഥാപാത്രത്തിന്റെ പെര്‍ഫോമന്‍സ് കാരണമാണ്.

കണ്ണിന്റെ കൃഷ്ണമണി വളരെ വേഗത്തില്‍ ഇളക്കുന്ന ഉപേന്ദ്രയുടെ ട്രേഡ്മാര്‍ക്ക് ഷോട്ട് ഈ ചിത്രത്തിലും ലോകേഷ് ഉപയോഗിച്ചിട്ടുണ്ട്. ഉപേന്ദ്രക്ക് മാത്രം സാധിക്കുന്ന ഇക്കാര്യം തിയേറ്ററിലുണ്ടാക്കിയ ഇംപാക്ട് ചില്ലറയല്ല. ഒപ്പം അനിരുദ്ധ് ഒരുക്കിയ ക്ലാസിക് ടച്ചുള്ള ബി.ജി.എം കൂടിയായപ്പോള്‍ കരിയര്‍ ബെസ്റ്റ് ഇന്‍ട്രോ തന്നെ ഉപ്പിക്ക് ലഭിച്ചു.

ജയിലറില്‍ പത്ത് മിനിറ്റ് കൊണ്ട് ഏറ്റവുമധികം കൈയടി നേടിയ ശിവരാജ് കുമാറുമായാണ് പലരും ഉപേന്ദ്രയെ താരതമ്യം ചെയ്യുന്നത്. വെറും ടിഷ്യൂ പേപ്പര്‍ കൊണ്ട് ശിവണ്ണ മാസ്സിന്റെ പീക്ക് മൊമന്റ് സൃഷ്ടിച്ചപ്പോള്‍ കൂലിയില്‍ ഉപ്പിയും കൈയടി നേടി. രണ്ടുപേരും കന്നഡ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങളാണെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. എന്തായാലും ഇനിയങ്ങോട്ട് ഉപേന്ദ്രയെ അറിയാത്തവര്‍ പോലും അദ്ദേഹത്തിന്റെ ഫാന്‍സാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Content Highlight: Upendra’s performance in Coolie movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more