| Thursday, 2nd March 2017, 8:54 am

യു.എ.പി.എ കേസുകള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; പരിശോധിക്കുന്നത് മുന്‍ സര്‍ക്കാരിന്റെ കാലത്തേതുള്‍പ്പെടെ 34 കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന് കീഴില്‍ ചുമത്തപ്പെട്ടതുള്‍പ്പെടെ 34 യു.എ.പി.എ കേസുകള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസുകളാണ് പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് ചുമത്തപ്പെട്ട 25 കേസുകള്‍ ഉള്‍പ്പെടെയാണ് വീണ്ടും പരിശോധിക്കുക.


Also read ഇടുക്കിയില്‍ പൊലീസ് ഹൃദ്രോഗിയായ കര്‍ഷകനെ മൂത്രം കുടിപ്പിച്ചതായി പരാതി 


ഡി.ജി.പി ലോകനാഥ് ബെഹ്‌റ നല്‍കിയ കേസുകളുടെ പട്ടിക സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് യു.എ.പി.എയില്‍ പുനരന്വേഷണം വരുന്നത്. കേസ് ചുമത്തപ്പെട്ട വ്യക്തികള്‍ക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനുള്ള അവസരവും പുന:പരിശോധനയിലുടെ ലഭിക്കും. വകുപ്പ് ചുമത്താന്‍ മതിയായ തെളിവുകള്‍ കേസിലുണ്ടോ എന്നതാകും പ്രധാനമായും അന്വേഷണത്തില്‍ ഉണ്ടാവുക.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അധികാരത്തിലെത്തുന്നതിനു മുമ്പും യു.എ.പി.എക്കെതിരായ നിലപാടുകള്‍ സ്വീകരിച്ച ഇടത് സര്‍ക്കാരിന്റെ കാലത്ത് ചുമത്തപ്പെട്ട യു.എ.പി.എ കേസുകള്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസുകള്‍ പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്.

നേരത്തെ പൊലിസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ കേസുകളില്‍ യു.എ.പി.എ ചുമത്തരുതെന്ന് ഡി.ജി.പി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാത്ത 34 കേസുകളുടെ പട്ടിക പൊലിസ് തയ്യാറാക്കിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചുമത്തപ്പെട്ട കോസുകളും പോസ്റ്ററുകള്‍ ഒട്ടിച്ചതിന്റെ പേരില്‍ ചുമത്തപ്പെട്ട കേസുകളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. പാലക്കാട് എറണാകുളം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പുന: പരിശോധിക്കുന്നതില്‍ അധികവും

Latest Stories

We use cookies to give you the best possible experience. Learn more