| Monday, 9th June 2025, 7:54 am

ഭർത്താവ് ദളിതനാണെന്ന് കണ്ടെത്തി; വിഷം കൊടുത്ത് കൊന്ന് ഭാര്യയും കുടുംബവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഭർത്താവ് ദളിതനെന്ന് കണ്ടെത്തിയതിന് പിന്നാലെ വിഷം കൊടുത്ത് കൊലപ്പെടുത്തി ഭാര്യയും കുടുംബവും. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഒരുവർഷം മുമ്പ് നടന്ന മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയതിനെത്തുടർന്നാണ് വിവരം പുറംലോകമറിഞ്ഞത്. 2024 ഒക്ടോബർ 18 നാണ് കൊലപാതകം നടന്നത്.

വിരമിച്ച പൊലീസ് ഇൻസ്പെക്ടറുടെ മകനായ കമൽ 2021 ൽ ബിജ്‌നോറിലെ ധാംപൂരിൽ നിന്നുള്ള അർച്ചനയെ വിവാഹം കഴിച്ചു. താൻ ദളിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണെന്ന വിവരം മറച്ചുവെച്ചായിരുന്നു കമൽ അർച്ചനയെ വിവാഹം ചെയ്തത്. എന്നാൽ വിവാഹത്തിന് ശേഷം കമൽ ഒരു ദളിതനാണെന്ന് അദ്ദേഹത്തിന്റെ പങ്കാളിയുടെ വീട്ടുകാർ കണ്ടെത്തി. തുടർന്ന് കമലിനോട് അർച്ചനയുടെ കുടുംബത്തിന് നീരസം ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 15ന് കമൽ ധൻപൂരിലെ തന്റെ ഭാര്യ കുടുംബത്തെ സന്ദർശിക്കുകയും മൂന്ന് ദിവസത്തിന് ശേഷം ഒക്ടോബർ 18 ന് കമൽ മരണമടയുകയും ചെയ്തു. തുടക്കത്തിൽ സ്വാഭാവിക മരണമാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കമലിന്റെ പിതാവ് ദുരൂഹത സംശയിക്കുകയും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് നിർബന്ധിക്കുകയും ചെയ്തു. മൂന്ന് മാസത്തിന് ശേഷം, കമലിന്റെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.

തുടർന്ന് കമലിന്റെ പിതാവ് മൊറാദാബാദിൽ പരാതി നൽകി. ധാംപൂരിൽ വെച്ച് മരണം സംഭവിച്ചതിനാൽ അന്വേഷണം ബിജ്‌നോർ പൊലീസിന് കൈമാറി. അവർ കേസ് പുനരാരംഭിക്കുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ അർച്ചനയുടെയും അവരുടെ കുടുംബത്തിന്റെയും പങ്ക് പൊലീസ് കണ്ടെത്തി. പിന്നാലെ ജൂൺ ഒന്നിന് അർച്ചനയെയും പിതാവ് മഹിപാൽ സിങ് ചൗഹാനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അർച്ചനയുടെ അമ്മ ഉഷയും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവർ ഒളിവിലായതിനാൽ അറസ്റ്റ് നടന്നില്ല. ഇവർക്കായുള്ള അന്വേഷണം നടന്നുവരികയാണ്.

Content Highlight: UP: Wife, in-laws poison Dalit man after learning his caste

We use cookies to give you the best possible experience. Learn more