| Saturday, 13th June 2026, 3:54 pm

യു.പിയില്‍ എട്ട് ദിവസം വയലില്‍ വട്ടം ചുറ്റിയ പശുവിന് അത്ഭുത ശക്തിയുള്ളതായി തെറ്റിധരിച്ച് ആരാധിച്ച് ഗ്രാമീണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ശ്രാവസ്തി ജില്ലയിലെ ഒരു വയലില്‍ എട്ട് ദിവസത്തോളം അസ്വാഭാവികമായി വട്ടം ചുറ്റി നടന്ന പശുവിന് അത്ഭുത ശക്തിയുള്ളതായി തെറ്റിധരിച്ച് ആരാധിച്ച് ഗ്രാമീണര്‍. സംഭവത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ശ്രാവസ്തി ജില്ലയിലെ ബാസ്ഭാരിയ ഗ്രാമത്തിലാണ് ഒരു പശു എട്ട് ദിവസമായി വയലില്‍ വട്ടത്തിലുള്ള പാതയില്‍ സഞ്ചരിക്കുന്നത് ഗ്രാമീണരുടെ ശ്രദ്ധയില്‍ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഒരു അത്ഭുത പ്രവൃത്തിയായി ഗ്രാമീണര്‍ തെറ്റിധരിച്ചു. ചിലര്‍ തങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കുമെന്ന് കരുതി ഈ പശുവിന് പിറകെ നടന്നതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, പശു ഇത്തരത്തില്‍ സഞ്ചരിക്കാന്‍ കാരണം ആരോഗ്യസ്ഥിതിയിലുള്ള പ്രശ്‌നമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രൈപനോസോമിയാസിസ് എന്ന ആരോഗ്യപ്രശ്‌നമാണ് പശുവിനെന്ന് ജില്ലയിലെ വെറ്റിനറി ഓഫീസര്‍ ഡോ. സുനില്‍ സിങ് അറിയിച്ചു.

പശു അസ്വാഭാവികമായി അലഞ്ഞുതിരിയുന്ന വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടമാണ് വെറ്റിനറി സംഘത്തെ പ്രദേശത്ത് അയച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പശുവിന് ആരോഗ്യ പ്രശ്‌നമുള്ളതാണ് അസ്വാഭാവികമായി അലഞ്ഞ് തിരിയാന്‍ കാരണമെന്ന് കണ്ടെത്തിയത്.

നേരത്തെ, പശുവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കാനായി രക്ഷാപ്രവര്‍ത്തകരുടെ സംഘം പ്രദേശത്ത് എത്തിയിരുന്നു. എന്നാല്‍ പശുവിനെ കൊണ്ടുപോകാന്‍ രക്ഷാ പ്രവര്‍ത്തകരുടെ സംഘത്തെ ഗ്രാമീണര്‍ അനുവദിച്ചില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പശുവിന് ചുറ്റും കൂടി ഗ്രാമീണര്‍ ആരാധന നടത്തിയിരുന്നു. പിന്നീട് വെറ്റിനറി ഉദ്യോഗസ്ഥരുടെ സംഘം വിശദീകരിച്ച ശേഷമാണ് ഗ്രാമീണര്‍ പശുവിനെ ആരാധിക്കുന്നതില്‍ നിന്ന് വിട്ടുനിന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Content Highlight: UP Villages misunderstood circling cow as miracle. Vet says medical conditions is behind

Latest Stories

We use cookies to give you the best possible experience. Learn more