ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിനും ഉദ്യേഗസ്ഥ മേധാവിത്തത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും ഭരണഘടനയോടല്ല മറിച്ച് ഭരിക്കുന്നവരോടാണ് കൂറ് പുലര്‍ത്തുന്നതെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭരണസംവിധാനം പൊതുസേവനത്തിനല്ല വ്യക്തിപരമായ ആധിപത്യത്തിനാണ് ഉപയോഗിച്ച് വരുന്നതെന്നും കോടതി പറഞ്ഞു. യു.പി ഗ്യാങ്സ്റ്റര്‍ നിയമപ്രകാരമുള്ള ഒരു കേസ് പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് വിനോദ് ദിവാകറിന്റെ നിരീക്ഷണം.
പൊലീസുകാരുടെ സ്ഥലംമാറ്റങ്ങളും പ്രമോഷനുകളും മെറിറ്റ് അടിസ്ഥാനമാക്കിയല്ല, രാഷ്ട്രീയ പ്രതിഫലമായാണ് നല്‍കുന്നതെന്നും രാഷ്ട്രീയക്കാര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് പ്രധാന പോസ്റ്റിങുകള്‍ ലഭിക്കുന്നുവെന്നും കോടതി പറഞ്ഞു.
തങ്ങളുടെ പദവികള്‍ നിലനിര്‍ത്താന്‍ വേണ്ടി ഫീല്‍ഡ് ഓഫീസര്‍മാര്‍ നിയമപരമായ കടമകള്‍ മറന്ന് രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
വലിയൊരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരും ഭരണഘടനാപരമായ ചുമതലകളെയും നിയമപരമായ നടപടിക്രമങ്ങളെയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായാണ് കാണുന്നതെന്നും ഗ്യാങ്‌സ്റ്റര്‍ ആക്റ്റ് പോലുള്ള കടുത്ത നിയമങ്ങള്‍ തന്നിഷ്ട പ്രകാരം ചുമത്തുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും ഇപ്പോഴും നിലനില്‍ക്കുന്ന ‘നാടുവാഴിത്ത മനോഭാവം’ ഭരണഘടനാ ഭരണത്തെ വ്യക്തിതാത്പര്യങ്ങള്‍ക്കുള്ള ആയുധമാക്കി മാറ്റുകയാണെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കോടതി ഉത്തരവുകള്‍ പലപ്പോഴും കടലാസില്‍ മാത്രമാണ് നടപ്പാക്കപ്പെടുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ഭരണഘടനയോടും നിയമത്തോടുമാണ് ഉത്തരവാദിത്തം കാണിക്കേണ്ടത് ഏതെങ്കിലും ഭരണ സ്ഥാപനത്തോടല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
Content Highlight: UP Police serves rulers, not the Constitution: Allahabad High Court