| Saturday, 8th August 2026, 4:46 pm

കന്‍വാരികളെ അധിക്ഷേപിച്ചെന്ന്; ഹിന്ദുത്വ സംഘടനയുടെ പരാതിയില്‍ മുസ്‌ലിം പുരോഹിതനെതിരെ കേസെടുത്ത് യു.പി പൊലീസ്

ആദർശ് എം.കെ.

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കന്‍വാര്‍ യാത്രികരെക്കുറിച്ച് (Kanwariyas) വിവാദപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുസ്‌ലിം പുരോഹിതനെതിരെ പൊലീസ് കേസെടുത്തു.

ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ പ്രസിഡന്റും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൗലാന സാജിദ് റാഷിദിക്കെതിരെയാണ് മുസാഫര്‍നഗര്‍ ജില്ലയിലെ സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹിന്ദു സംഘര്‍ഷ് സമിതി നേതാവായ നരേന്ദ്ര പന്‍വാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പൊലീസ് നിയമനടപടി സ്വീകരിച്ചത്.

ഒരു പ്രത്യേക സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന രീതിയില്‍ കാവടിയാത്രക്കാരെക്കുറിച്ച് മോശവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ മൗലാന സാജിദ് റാഷിദി നടത്തിയെന്നാണ് ആരോപണം.

മതവിശ്വാസങ്ങളെ അപമാനിച്ചുകൊണ്ട് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ബോധപൂര്‍വം നടത്തുന്ന പ്രവൃത്തികള്‍ തടയുന്ന ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 299 പ്രകാരമാണ് റാഷിദിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മൗലാനയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നരേന്ദ്ര പന്‍വാറിന്റെ നേതൃത്വത്തില്‍ ഹിന്ദു പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വലിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

റാഷിദിക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കന്‍വാര്‍ യാത്രികരെ അപമാനിക്കുന്നതിലൂടെ ഹിന്ദു മതവിശ്വാസികളെ ആകെ അപമാനിക്കുകയാണ് റാഷിദി ചെയ്തതെന്ന് പരാതിക്കാരനായ നരേന്ദ്ര പന്‍വാര്‍ ആരോപിച്ചു.

ഉത്തര്‍പ്രദേശ് മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍ മൗലാന സാജിദ് റാഷിദിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ചു.

ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ സമൂഹത്തിലെ സൗഹാര്‍ദാന്തരീക്ഷത്തിന് വിഘാതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റാഷിദിയുടെ ‘മാനസിക നില തെറ്റിയെന്നും’ അദ്ദേഹത്തെ ആഗ്രയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്നും മന്ത്രി പരിഹസിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്.

Content Highlight: UP Police register case against Muslim cleric following complaint by Hindutva organization alleging insults to Kanwariyas.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more