ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിയമപാലകര്‍ക്ക് എതിരെയും അതിക്രമം. ശനിയാഴ്ച ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ കാറില്‍ വലിച്ചിഴച്ചത് അഞ്ച് കിലോമീറ്ററോളം. ബറേലിയിലാണ് സംഭവം.
ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം നടന്നത്. 37കാരനായ ഹോം ഗാര്‍ഡിനെ കാറില്‍ വലിച്ചിഴച്ച ഡ്രൈവര്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചൗപാല പാലത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.
വണ്‍വേ റോഡില്‍ കാര്‍ തടഞ്ഞ ഉദ്യോഗസ്ഥനെയാണ് ഇയാള്‍ വലിച്ചിഴച്ചത്. ബോണറ്റില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു.
വാഹനത്തിന്റെ വേഗത കുറഞ്ഞുവെന്ന് മനസിലാക്കിയ സമയം ഹോം ഗാര്‍ഡ് കാറില്‍ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡ്രൈവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് പൊലീസ് സൂപ്രണ്ട് മനുഷ് പരീഖ് പറഞ്ഞു. ഹോം ഗാര്‍ഡിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. ഹോം ഗാര്‍ഡിനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഡ്രൈവര്‍ സ്ഥലം വിട്ടതെന്നും വയര്‍ലെസ് മുഖേന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കാറിനായി നഗരത്തിലുടനീളമായി തെരച്ചില്‍ നടത്തിയെന്നും മനുഷ് പരീഖ് പറഞ്ഞു.
രക്ഷപ്പെടുന്നതിനിടെ ഒരു ട്രാഫിക് സബ് ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക വാഹനത്തിലും ഇയാള്‍ കാറിടിപ്പിച്ചു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ പിടികൂടിയത്.
അടുത്തിടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഒരു കൂട്ടം ആളുകള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലായ ഒരാളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ജനക്കൂട്ടം സ്റ്റേഷനില്‍ അതിക്രമിച്ചെത്തിയത്. സംഭവത്തില്‍ 12ഓളം പേര്‍ അറസ്റ്റിലായിരുന്നു.
ഒരു മാസം മുമ്പ് നോയിഡയില്‍ പൊലീസിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു ഉദ്യഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. മസൂരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പൊലീസിന് നേരെ അക്രമികള്‍ കല്ലെറിയുകയും ചെയ്തിരുന്നു.
ഇതില്‍ നിരവധി ആളുകള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കൊലപാതകം, കലാപം, ആക്രമണം, ആയുധ നിയമം എന്നിവയുള്‍പ്പെടെ 13 വകുപ്പുകള്‍ പ്രകാരം അക്രമികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
നിലവില്‍ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്.
Content Highlight: Home Guard dragged for five kilometers in car in UP; One arrested