ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. റായ്ബറേലി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
അജയ് അഗ്രഹാരി, അഖിലേഷ് മൗര്യ എന്നിവരാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. ഒക്ടോബര്‍ രണ്ടിനാണ് ഹരിഓം വാല്മീകി എന്ന ദളിത് യുവാവിനെ ആള്‍കൂട്ടം തല്ലിക്കൊന്നത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ വാല്മീകിയുടെ കുടുംബം അനാസ്ഥ ആരോപിച്ചിരുന്നു.
കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ രണ്ട് സബ് ഇന്‍സെപ്ക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഒക്ടോബര്‍ 11ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാല്മീകിയുടെ പങ്കാളി സംഗീതയും മറ്റു കുടുംബാംഗങ്ങളും സന്ദര്‍ശിച്ചിരുന്നു. നീതി നടപ്പിലാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വാല്മീകിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടത്.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം യുവാവിന്റെ കുടുംബത്തിന് വീട്, സംഗീതയ്ക്ക് സ്ഥിരം ജോലി, മറ്റു ആനുകൂല്യങ്ങള്‍ എന്നിവര്‍ യോഗി ആദിത്യനാഥ് ഉറപ്പുനല്‍കി.
ഡ്രോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് വാല്മീകിയെ ആള്‍കൂട്ടം അടിച്ചുകൊന്നത്. ക്രൂരമര്‍ദനത്തിന് പിന്നാലെ വാല്മീകിയെ സമീപത്തുള്ള റെയില്‍വേ ട്രാക്കിന് അടുത്ത് ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായവരില്‍ ദളിത്/പിന്നോക്ക വിഭാഗക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിഓമിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. യു.പി സര്‍ക്കാര്‍ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഹരിഓമിന്റെ കൊലപാതകം രാജ്യത്തിന്റെ മുഴുവന്‍ മനസാക്ഷിയെയും പിടിച്ചുലച്ചുവെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.
ദളിതരെ സംരക്ഷിക്കുന്നതില്‍ യു.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഒരു ദളിതനാകുന്നത് ഇപ്പോഴും ഈ രാജ്യത്തൊരു കുറ്റകൃത്യമാണോ എന്നും രാഹുല്‍ ചോദിച്ചിരുന്നു.
Content Highlight: UP mob lynching; Two more arrested