ബറെയ്‌ലി: ഉത്തര്‍ പ്രദേശിലെ ബറെയ്‌ലിയില്‍ 17 വയസ്സുകാരി ആത്മഹത്യ ചെയ്തത് ലവ് ജിഹാദ് ആരോപിച്ചുകൊണ്ടുള്ള ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നാലെയെന്ന് റിപ്പോര്‍ട്ട്. ബറെയ്‌ലിയിലെ ബിത്രി ചൈന്‍പൂര്‍ പ്രദേശത്ത് ചൊവ്വാഴ്ചയാണ് (ജൂലൈ 21) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹിന്ദു സമുദാായാംഗമാണ് മരിച്ച യുവതി.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പെണ്‍കുട്ടി മുസ്‌ലിം സമുദായാംഗങ്ങളും സുഹൃത്തുക്കളുമായ രണ്ട് യുവാക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന് എഫ്.ഐ.ആറില്‍ പറയുന്നതായി മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ആ സമയത്ത് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തി പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും ആക്രമിച്ചു. ലവ് ജിഹാദ് ആരോപണമുന്നയിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ സംഘം പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും വളഞ്ഞെന്നും പെണ്‍കുട്ടിയെ അവര്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിന്ദുത്വ സംഘടനാ അംഗങ്ങളായ ഹിമാംശു പട്ടേല്‍, ദേവേന്ദ്ര പട്ടേല്‍ നിര്‍ദോഷ് റാത്തോര്‍ എന്നിവരുടെ പേരും പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ പറയുന്നു. ഇവര്‍ ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നാലെ ഹോട്ടലില്‍ പൊലീസ് എത്തിയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബജ് രംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതായി ഒരു അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്ന് കേസ് അന്വേഷിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ ജയ് പ്രകാശ് പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി ലഭിച്ചതായും പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും ബറെയ്‌ലി എസ്.എസ്.പി അനുരാഗ് ആര്യ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്.എസ്.പി അറിയിച്ചു.
സല്‍മാന്‍, ശുഹൈബ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയത്. ഇവര്‍ ഒരേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. സഹപ്രവര്‍ത്തകരെന്ന നിലയിലാണ് അവര്‍ ചായകുടിക്കാന്‍ പോയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചതായി മക്തൂബ് റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ വൈറലായതിന് പിന്നാലെ പെണ്‍കുട്ടി പരിഭ്രമിച്ചാണ് വീട്ടിലെത്തിയതെന്ന് സഹോദരന്റെ പരാതിയില്‍ പറയുന്നതെന്നും മക്തൂബ് റിപ്പോര്‍ട്ട് ചെയ്തു. ഈ വീഡിയോ പ്രചരിക്കുന്നതില്‍ താന്‍ അസ്വസ്ഥയാണെന്ന് രാത്രി 9.30ഓട് കൂടി വീട്ടുകാരോട് പെണ്‍കുട്ടി പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു. അടുത്ത ദിവസം പകല്‍ ഈ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കാനും കുടുംബം താരുമാനിച്ചു. എന്നാല്‍ ആ രാത്രി തന്നെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: UP: Minor Hindu girl dies by suicide after harassment by Hindutva men over “Love Jihad” claims in Bareilly