| Saturday, 6th January 2018, 8:32 pm

യു.പിയിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചതിനെതിരെ വ്യാപക പ്രതിഷേധം; നിറം പഴയപടിയാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംസ്ഥാന ഹജ്ജ് ഹൗസിന് കാവി നിറം നല്‍കിയതിനെ പ്രതിഷേധം ശക്തമായതോടെ കെട്ടിടത്തിന്റെ പഴയ നിറം തന്നെ നിലനിര്‍ത്തി ഹജ്ജ് സമിതി.

ലഖ്‌നൗവിലെ ഹജ്ജ് കമ്മിറ്റി ഓഫീസ് മന്ദിരത്തിനും മതിലിനുമാണ് കാവി നിറം പൂശിയിരുന്നത്. മതിലില്‍ കാവിയടിക്കുന്ന പെയിന്റിങ് ജോലികളും പൂര്‍ത്തിയായിരുന്നു. ഇതിനെതിര ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് പെയിന്റിന്റെ നിറം പഴയ പടി മഞ്ഞയാക്കിയത്.

യു.പിയിലെ സെക്രട്ടേറിയറ്റ് മന്ദിരത്തിനും സര്‍ക്കാര്‍ ബസ്സിനും ഗോരഖ്പുരിലെ സ്വാതന്ത്ര്യസമര സ്മാരകത്തിനും കാവിനിറം പൂശിയ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാന ഹജ്ജ് ഹൗസിനും കാവിയടിച്ചത്.

വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്നും കാവി ഊര്‍ജം പകരുന്ന നിറമായതിനാലാണ് പെയിന്റ് അടിക്കാന്‍ തീരുമാനിച്ചതെന്നും ന്യൂനപക്ഷകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ മൊഹ്‌സിന്‍ റാസ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതേസമയം പെയിന്റ് കോണ്‍ട്രാക്ടറാണ് വിവാദ നിറം പൂശിയതിന് ഉത്തരവാദി എന്നാണ് ഹജ്ജ് സമിതി സെക്രട്ടറി ആര്‍.പി സിങിന്റെ വിശദീകരണം. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നേരെ വിപരീതമായാണ് കോണ്‍ട്രാക്ടര്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതും പെയിന്റ്ടിച്ചതെന്നും ആര്‍.പി സിങ് പറഞ്ഞു.

We use cookies to give you the best possible experience. Learn more