| Sunday, 14th December 2025, 7:16 am

മുഹമ്മദ് അഖ്‌ലാഖിന്റെ ആള്‍ക്കൂട്ടക്കൊല: കേസ് പിന്‍വലിക്കാന്‍ യു.പി സര്‍ക്കാര്‍; രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബൃന്ദ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2015 ല്‍ യു.പിയിലെ ദാദ്രിയില്‍ പശുവിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന് നീതി തേടി സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്. അഖ്‌ലാഖ് കൊലപാതകക്കേസ് നിയമവിരുദ്ധമായി പിന്‍വലിക്കാനുള്ള യു.പി സര്‍ക്കാരിന്റെ നീക്കത്തില്‍ ഇടപെടലാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഒപ്പുവെച്ച യു.പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ നീക്കം തടയണമെന്നാണ് ശനിയാഴ്ച അയച്ച കത്തിലെ ആവശ്യം.

പ്രധാന സാക്ഷിയുടെ മൊഴിയുള്‍പ്പെടെയുള്ള തെളിവുകളുണ്ടായിട്ടും നീതിന്യായ വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കമാണ് കേസ് പിന്‍വലിക്കാനുള്ള തീരുമാനം. ഇത് നിയമവിരുദ്ധവും അന്യായവുമാണ്. ഈ ശ്രമവുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടുണ്ടെന്ന് ബൃന്ദ കത്തില്‍ ചൂണ്ടിക്കാണിച്ചു.

ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി സര്‍ക്കാര്‍ഗ്രേറ്റര്‍ നോയിഡ ജില്ലാ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. ഗവര്‍ണറുടടെ നിയമനം രാഷ്ട്രപതിയുടെ തീരുമാനമായതിനാലാണ് നീതിന്യായ വ്യവസ്ഥയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ കത്തെഴുതാന്‍ നിര്‍ബന്ധിതയായതെന്നും ബൃന്ദ കത്തില്‍ വിശദീകരിച്ചു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരു പതിറ്റാണ്ട് കാലം പിന്നിടുമ്പോഴും കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. അഖ്‌ലാഖിന്റെ ഭാര്യയുടേതുള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ആരോപിച്ചാണ് പ്രോസിക്യൂഷന്‍ കേസില്‍ നിന്നും പിന്മാറാനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

പ്രാദേശിക ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണ ഉള്‍പ്പെടെ 19 പേരാണ് കേസില്‍ പ്രതികള്‍. ഇവര്‍ക്കെല്ലാം കോടതി ജാമ്യം അനുവദിച്ചിരുന്നു,

2015 സെപ്റ്റംബര്‍ 28നാണ് വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ പശുവിറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച് ബി.ജെ.പി നേതാവിന്റെ മകന്റെ നേതൃത്വത്തില്‍ തീവ്രഹിന്ദുത്വ വാദികള്‍ 52കാരനായ മുഹമ്മദ് അഖിലാഖിനെയും അദ്ദേഹത്തിന്റെ മകന്‍ ഡാനിഷിനെയും ആക്രമിച്ചത്.

ഇരുമ്പുവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍ നിന്നും വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അഖ്‌ലാഖിന്റെ മരണം സംഭവിച്ചിരുന്നു. മകന്‍ ഡാനിഷ് ഗുരുതരാവസ്ഥയില്‍ ഏറെക്കാലം ചികിത്സയിലുമായിരുന്നു.

ഡാനിഷ് ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചികിത്സയിലാണെന്ന് ബൃന്ദ കാരാട്ട് കത്തില്‍ സൂചിപ്പിക്കുന്നുമുണ്ട്. കേസിന് ബലം പകരാനായി 2022ല്‍ സംഭവത്തിന് ദൃക്‌സാക്ഷിയായ അഖ്‌ലാഖിന്റെ മകള്‍ കോടതിയില്‍ ഹാജരായി എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ പേരുള്‍പ്പെടെ കോടതിയെ ബോധിപ്പിച്ചിരുന്നു.

തെളിവുകള്‍ ശക്തമാണെന്നും കേസ് പുരോഗമിക്കുന്ന ഘട്ടത്തിലാണെന്നും ബൃന്ദ പറയുന്നു. രണ്ട് ദൃക്‌സാക്ഷികള്‍ കൂടി മൊഴി നല്‍കേണ്ടതുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നു.

Content Highlight: UP government to withdraw case of lynching of Mohammad Akhlaq; Brinda Karat’s letter to President

We use cookies to give you the best possible experience. Learn more