| Monday, 24th November 2025, 8:15 am

ഐ ലവ് മുഹമ്മദ് വിവാദം: രണ്ട് നില വ്യാപാര സമുച്ചയം പൊളിച്ചുമാറ്റി യു.പി ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറേലി: ഐ ലവ് മുഹമ്മദ് പോസ്റ്ററിനെ ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പ്രതികാര നടപടി തുടര്‍ന്ന്  യു.പി ഭരണകൂടം.

സെപ്റ്റംബര്‍ 26നുണ്ടായ ബറേലിയിലുണ്ടായ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ഇത്തിഹാദ് – ഇ – മില്ലത്ത് കൗണ്‍സില്‍ മേധാവി മൗലാന തൗഖീര്‍ റാസയുടെ അടുത്ത അനുയായിയുടെ കെട്ടിടം പൊളിച്ചുമാറ്റി.

മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലുള്ള രണ്ട് നില മാര്‍ക്കറ്റ് സമുച്ചയമാണ് ബറേലി വികസന അതോറിറ്റി (ബി.ഡി.എ) പൊളിച്ചുമാറ്റിയിരിക്കുന്നത്.

നവംബര്‍ 22 ശനിയാഴ്ചയാണ് പിലിഭിത്തില്‍ ബൈപാസിന് സമീപത്തെ കെട്ടിടം കനത്ത പൊലീസ് സന്നാഹത്തോടെ ബി.ഡി.എ പൊളിച്ചുമാറ്റിയത്.

രണ്ട് ഡസനോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. 16 കടകള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. ബുള്‍ഡോസറുകളെത്തിച്ച് കെട്ടിടം പൊളിക്കുന്നതിന് മുമ്പായി സാധനങ്ങള്‍ നീക്കം ചെയ്യാന്‍ വ്യാപാരികള്‍ക്ക് ചുരുങ്ങിയ സമയമാണ് അനുവദിച്ചിരുന്നത്.

ആരിഫ് മൗലാന തൗഖീറുമായി ബന്ധമുള്ളയാള്‍ക്കുള്ള ശിക്ഷയാണ് നടപ്പാക്കിയത്. മുസ്‌ലിങ്ങളടക്കമുള്ള നിരവധി വ്യാപാരികളുടെ ഉപജീവനമാര്‍ഗമാണ് ഇതിലൂടെ ഇല്ലാതായതെന്നും നിയമവിരുദ്ധമായാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നും കെട്ടിടത്തില്‍ കട വാടകയ്‌ക്കെടുത്തിരുന്ന ഒരു കടയുടമ പറഞ്ഞു.

ബുള്‍ഡോസര്‍ മുസ്‌ലിങ്ങളെ മാത്രം ലക്ഷ്യമിടുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സമാനമായ സാഹചര്യത്തില്‍ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ക്ക് നേരെ ബുള്‍ഡോസര്‍ ഉയരാത്തത് എന്തുകൊണ്ടാണെന്നും മറ്റൊരു കടയുടമ ചോദിച്ചതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഈ വാദങ്ങളെ തള്ളുന്ന പ്രതികരണമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കെതിരെയാണ് നടപടിയെന്നും നിയമങ്ങളനുസരിച്ച് മാത്രമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും ബി.ഡി.എ അതോറിറ്റി ഐ.എ.എന്‍.എസിനോട് പ്രതികരിച്ചു.

നേരത്തെ, തൗഖീര്‍ റാസയുടെ അടുത്തയാളായ ഡോ. നഫീസ് ഖാന്റെ സ്വത്തിനെതിരെയും നടപടിയെടുത്തിരുന്നു. അനധികൃത സ്വത്തെന്ന് ചൂണ്ടിക്കാട്ടി നഫീസ് ഖാന്റെ കെട്ടിടം പൊളിച്ചുമാറ്റുകയായിരുന്നു. അന്നും കനത്ത പൊലീസ് സന്നാഹത്തെ ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ‘ഐ ലവ് മുഹമ്മദ്’ വിവാദം പൊട്ടിപ്പുറപ്പെട്ടത്. നബി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ റാലിയില്‍ ഐ ലവ് മുഹമ്മദ് എന്നെഴുതിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി കാണ്‍പൂരില്‍ ഒമ്പതോളം യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ബറേലിയില്‍ സെപ്റ്റംബര്‍ 26ന് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങുകയും പ്രതിഷേധത്തിന് നേരെ പൊലീസ് നടപടിയെടുത്തതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.

നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ആക്രമണം നടന്ന ദിവസം ഇസ്ലാമിയ മൈതാനത്തെത്താന്‍ മുസ്ലിം സമുദായത്തോട് ഐ.എം.സി തലവന്‍ തൗഖീര്‍ റാസ ആഹ്വാനം ചെയ്തെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിലവില്‍ തൗഖീര്‍ റാസ ഫത്തേഗഢ് ജയിലിലാണ്.

Content Highlight: I Love Muhammad Row: UP government demolishes business complex of Maulana Tauqeer Raza’s follower

We use cookies to give you the best possible experience. Learn more