ലഖ്‌നൗ: മദ്രസകളില്‍ നിന്ന് വിദ്യാഭ്യാസം നേടിയവര്‍ ഭീകരവാദ ചിന്താഗതി വളര്‍ത്തിയെടുക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. വിധാന്‍ ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു മൗര്യയുടെ വിവാദ പരാമര്‍ശം.
‘മദ്രസ വിദ്യാഭ്യാസം നേടുന്ന ഒരാളും ഭാരത് മാതാ കീ ജയ് ചൊല്ലുകയോ ‘വന്ദേമാതരം’ പാടുകയോ ചെയ്യുന്നില്ല. അവര്‍ തീവ്രവാദിയെ പോലുള്ള മാനസികാവസ്ഥ വളര്‍ത്തിയെടുക്കുന്നു,’ അയാള്‍ പറഞ്ഞു.
മൗര്യയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് പ്രതികരിച്ചിട്ടുണ്ട്. ബി.ജെ.പിയാണ് തീവ്രവാദികളെ വളര്‍ത്തുന്നതെന്നും അത്തരക്കാരെ അവരുടെ ഓഫീസില്‍ തന്നെ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ബരാബങ്കിയില്‍ മദ്രസ നടത്തുന്ന മൗലാന ഇമാം മഖ്ബൂലും വിഷയത്തില്‍ പ്രതികരിച്ചു.
മദ്രസകള്‍ മതപരവും ആധുനികവുമായ വിദ്യാഭ്യാസമാണ് നല്‍കുന്നതെന്നും ഖുര്‍ആന്‍ മാത്രമല്ല മറിച്ച് ഉറുദു, ഹിന്ദി, ചരിത്രം, ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം, കംപ്യൂട്ടര്‍ പഠനം തുടങ്ങിവയും പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്രസയില്‍ നിന്ന് ബിരുധം നേടിയവരില്‍ നിരവധി പേര്‍ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമായി മാറിയിട്ടുണ്ടെന്നും മറ്റ് ചിലര്‍ ഐ.എ.എസും, ഐ.പി.എസ് ഒാഫീസറുമായി രാജ്യത്തെ സേവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്രസകള്‍ എല്ലായ്‌പ്പോഴും ദേശസ്‌നേഹം, സാഹോദര്യം, സമാധാനം, എന്നിവ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അവയെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മഖ്ബൂല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: UP Deputy CM claims those with Madrasa education foster extremist views; Samajwadi Party hits back, stating that terrorists are found in BJP offices.