| Thursday, 8th May 2025, 1:46 pm

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ്; നേഹ സിങ്ങിനെതിരായ പരാതി തള്ളി യു.പി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഗായിക നേഹ സിങ്ങിനെതിരായ പരാതി തള്ളി ഉത്തര്‍പ്രദേശിലെ അയോധ്യ കോടതി. നേഹക്കെതിരായ ക്രിമിനല്‍ പരാതി അയോധ്യ കോടതി തള്ളിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ബി.എന്‍.എസ് സെക്ഷന്‍ 210 പ്രകാരം ശിവേന്ദ്ര സിങ് എന്നയാള്‍ നല്‍കിയ പരാതിയാണ് കോടതി തള്ളിയത്.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളിലായിരുന്നു നേഹ സിങ്ങിനെതിരായ പരാതി. നേഹക്കെതിരായ പരാതി നിലനില്‍ക്കില്ലെന്ന് അഡീഷണല്‍ സിവില്‍ ജഡ്ജിയും അയോധ്യ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമായ ഏക്താ സിങ് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം ഭരണകക്ഷി, ഇന്റലിജന്‍സ്, സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നേഹയുടെ പോസ്റ്റ്. പിന്നാലെ രാജ്യദ്രോഹക്കുറ്റം ചുമത്തി നേഹക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

2019ല്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം, പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദി ബീഹാറില്‍ വോട്ട് തേടുമെന്ന് പറയുന്ന നേഹയുടെ വീഡിയോ പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകരുടെ ഒരു എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് നേഹയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ അഭയ് പ്രതാപ് സിങ് എന്ന വ്യക്തി പരാതി നല്‍കുകയായിരുന്നു. നേഹയുടെ പോസ്റ്റ് വിവിധ സമുദായങ്ങളില്‍ ഭിന്നത ഉണ്ടാക്കുമെന്നും ഇത് ദേശീയ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്നും കാണിച്ചായിരുന്നു അഭയ് യുടെ പരാതി.

സമാനമായ വാദങ്ങള്‍ ഉന്നയിച്ചാണ് ശിവേന്ദ്ര സിങ്ങും പരാതി നല്‍കിയത്. നേഹയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിനുള്ളില്‍ അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ഇന്ത്യയെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ടെന്നും ശിവേന്ദ്ര സിങ് പരാതിയില്‍ പറയുന്നു.

കൂടാതെ നേഹയുടെ പരാമര്‍ശങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നും ശിവേന്ദ്ര സിങ് ആരോപിച്ചു. എന്നാല്‍ പരാതി തള്ളിയ കോടതി, ബി.എന്‍.എസ് സെക്ഷന്‍ 222ന്റെ പ്രാധാന്യത്തെ കുറിച്ചും പരാമര്‍ശിച്ചു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ ഔദ്യോഗിക പെരുമാറ്റവുമായി ബന്ധപ്പെട്ട് ആരെങ്കിലും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കാമെന്നും അതില്‍ സെഷന്‍സ് കോടതിക്ക് നേരിട്ട് നടപടിയെടുക്കാമെന്നുമാണ് സെക്ഷന്‍ 222 അനുശാസിക്കുന്നത്.

ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര-സംസ്ഥാന മന്ത്രിമാരായ മറ്റ് ബി.ജെ.പി നേതാക്കള്‍ എന്നിവരെയാണ് നേഹയുടെ പരാമര്‍ശം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ സെക്ഷന്‍ 222 പ്രകാരം പരാതി നല്‍കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

Content Highlight: UP court dismisses complaint against Neha Singh for post criticizing Centre over Pahalgam terror attack

We use cookies to give you the best possible experience. Learn more