| Friday, 3rd July 2020, 8:08 pm

പ്രിയങ്ക ഗാന്ധി യു.പിയില്‍ 'ഔദ്യോഗിക'മാകണമെന്ന് സംസ്ഥാന നേതൃത്വം; 'ജനങ്ങള്‍ അത് ആവശ്യപ്പെടുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി സ്ഥിരമായി യു.പിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം. ദല്‍ഹിയിലുള്ള ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് യു.പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക ലക്‌നൗവില്‍ സ്ഥിരമുണ്ടാകണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.

യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം കൂടി ശേഷിക്കുന്നുണ്ട്. ഈ കാലയളവില്‍ യു.പി പിടിക്കണം എന്ന ഉദ്ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. പ്രിയങ്കയെപ്പോലെ ജനപ്രീതിയുള്ള നേതാവ് മുന്നില്‍നിന്ന് നയിച്ചാല്‍ യു.പി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രിയങ്കയെ യു.പി കോണ്‍ഗ്രസിന്റെ പ്രത്യേക ചുമതലയേല്‍പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍
ഗ്രസിന് പരാജയമായിരുന്നെങ്കിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വലിയ വിജയം നേടിയിരുന്നു.

പ്രിയങ്ക യു.പിയിലുണ്ടാവുന്നതിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, മറിച്ച് ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനും ഗുണകരമാകുമെന്ന് മുന്‍ സി.എല്‍.പി നേതാവ് പ്രദീപ് മാതുര്‍ പറഞ്ഞു.

‘ഞങ്ങളുടെ പ്രതിയോഗികള്‍ക്ക് പ്രിയങ്കയെ ഭയമാണ്. പ്രിയങ്കക്ക് അവരെ ചോദ്യമുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മയാവതി ജിയും ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള പ്രതികരണങ്ങളില്‍നിന്ന് ഞങ്ങള്‍ക്കത് മനസിലാക്കാന്‍ കഴിയുന്നുണ്ട്’, മാതുര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more