ടെല്‍അവീവ്: ഇസ്രഈലിലെ ദാമോണ്‍ ജയിലില്‍ കഴിയുന്ന വനിതാ തടവുകാരുടെ ഹിജാബ് ബലമായി അഴിച്ച് മാറ്റി ജയില്‍ അധികൃതര്‍. ഫലസ്തീന് തടവുകാരുടെ അവകാശ സംഘടനകളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്.
ജയിലിലെ ഔദ്യോഗിക രേഖകള്‍ക്കായി ഫോട്ടോടെയെടുക്കണമെന്നും അതിനായി ഹിജാബ് മാറ്റണമെന്നും ജയില്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മതപരമായ കാരണങ്ങളാല്‍ ഇതിന് വിസമ്മതിച്ച വനിതകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ബലമായി അഴിപ്പിക്കുകയുമായിരുന്നു.
കൂടാതെ ഏഴ് ദിവസത്തോളമായി ഏകാന്ത തടവില്‍ കഴിയുന്ന ഒരു യുവതിയെ ജയില്‍ ഡയറക്ടര്‍ കരണത്തടിക്കുകയും ഹിജാബ് വലിച്ച് കീറി തള്ളിയിടുകയും ചെയ്തതായി ഫലസ്തീന് പ്രിസണേഴ്സ് മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ജയില്‍ സന്ദര്‍ശിച്ച അഭിഭാഷകരും ഇത്തരം നിര്‍ബന്ധിത നടപടികള്‍ നടക്കുന്നതയായും ജയില്‍ അധികൃതര്‍ ക്യാമറയില്‍ പകര്‍ത്തുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെയും ഇത്തരത്തിലുള്ള അതിക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒക്ടോബറില്‍ നടന്ന പരിശോധനയില്‍ ഹിജാബ് ബലമായി മാറ്റി കണ്ണിലേക്ക് പെപ്പര്‍ സ്പ്രേ അടിച്ചതായും കണ്ണീര് വാതകം പ്രയോഗിച്ചതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
നിലവില്‍ തൊണ്ണൂറോളം ഫലസ്തീന് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ഇസ്രഈലി ജയിലുകളില്‍ കഴിയുന്നുണ്ട്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടണമെന്ന് ഫലസ്തീന് അവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ നടപടികള്‍ നിയമവിധേയമാണെന്നാണ് ജയില്‍ അധികൃതരുടെ വാദം.
Content Highlight: Unrelenting Cruelty: In an Israeli prison, a Palestinian female detainee was slapped across the face and her hijab was torn off—authorities claimed it was for the purpose of taking a photograph.