| Monday, 2nd November 2026, 3:41 pm

സൈക്കോകളെ തേടിപ്പിടിച്ച് കല്യാണം കഴിക്കലാണോ ഗ്രേസിന്റെ ഹോബി? കുമ്പളങ്ങിയിലെ ഷമ്മി മുതല്‍ അവറാച്ചനിലെ അനി വരെ

അമര്‍നാഥ് എം.

തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. ജയിലര്‍ 2ന്റെ കുതിപ്പ് കാരണം തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിജു മേനോനാണ് ടൈറ്റില്‍ റോളില്‍ എത്തിയത്. വലിയ ട്വിസ്റ്റും ബഹളവുമൊന്നുമില്ലാതെ കണ്ട് തീര്‍ക്കാവുന്ന കൊച്ച് സിനിമ എന്നാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സിനെ പലരും വിശേഷിപ്പിക്കുന്നത്.

ബിജു മേനോനൊപ്പം പ്രധാനപ്പെട്ട വേഷം ചെയ്തവരില്‍ ഒരാളാണ് ഗ്രേസ് ആന്റണി. ബിന്‍സി എന്ന കഥാപാത്രമായാണ് ഗ്രേസ് വേഷമിട്ടത്. ഭര്‍ത്താവിന്റെ ഉപദ്രവം കാരണം ഡിവോഴ്‌സ് വാങ്ങി മറ്റൊരു വീട്ടില്‍ ഹോം നേഴ്‌സായി ജോലി ചെയ്യുന്നയാളാണ് ബിന്‍സി. ഡിവോഴ്‌സായിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന ഭര്‍ത്താവ് കാരണം ബിന്‍സിക്ക് സൈ്വര്യം ലഭിക്കുന്നില്ല. വിനയ് ഫോര്‍ട്ടാണ് ബിന്‍സിയുടെ ഭര്‍ത്താവായി വേഷമിട്ടത്. സമീപകാലത്ത് വിനയ് ഫോര്‍ട്ട് ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണ് അനി.

എപ്പോള്‍ എന്ത് ചെയ്യുമെന്ന് പിടിയില്ലാത്ത, നാര്‍സിസിസ്റ്റായ കഥാപാത്രമാണ് അനി. ഇങ്ങനെയൊരു വ്യക്തിയെ കല്യാണം കഴിച്ചത് തന്റെ തെറ്റാണെന്ന് ബിന്‍സിയുടെ കഥാപാത്രം സിനിമയില്‍ പലപ്പോഴും പറയുന്നുണ്ട്. ഒ.ടി.ടി റിലീസിന് പിന്നാലെ ഗ്രേസിന്റെ ഫിലിമോഗ്രഫിയിലെ ഒരു പ്രത്യേകത സിനിമാപേജുകള്‍ കണ്ടുപിടിച്ചിരിക്കുകയാണ്.

ഗ്രേസിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ നോക്കിയാല്‍ ആ കഥാപാത്രങ്ങള്‍ സിനിമയില്‍ കല്യാണം കഴിച്ചവരെല്ലാം സൈക്കോയാണെന്നാണ് പുതിയ കണ്ടുപിടിത്തം. കരിയറിലെ ആദ്യ മുഴുനീള വേഷം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സില്‍ ഗ്രേസിന്റെ സിമി എന്ന കഥാപാത്രം കല്യാണം കഴിക്കുന്നത് ഫഹദ് അവതരിപ്പിച്ച ഷമ്മിയെയാണ്. അങ്ങേയറ്റം ടോക്‌സിക്കും സ്ത്രീവിരുദ്ധനുമായ ഷമ്മിയുടെ കൂടെ ജീവിക്കേണ്ടി വരുന്ന സിമിയുടെ അവസ്ഥ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ചര്‍ച്ചയായിരുന്നു.

2022ല്‍ പുറത്തിറങ്ങിയ റോഷാക്കാണ് അടുത്ത ചിത്രം. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവനെ അവന്റെ മരണത്തിന് ശേഷവും വെറുതെ വിടാത്ത നായകന്റെ കഥയാണ് റോഷാക്ക് പറഞ്ഞത്. മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണി എന്ന സൈക്കോ കഥാപാത്രത്തെ കല്യാണം കഴിക്കേണ്ടി വരുന്നയാളാണ് ഗ്രേസിന്റെ സുജാത.

ഇപ്പോഴിതാ അവറാച്ചന്‍ ആന്‍ഡ് സണ്‍സിലെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. സൈക്കോ കഥാപാത്രങ്ങളെ ഗ്രേസ് ആന്റണി തേടിപ്പിടിച്ച് കല്യാണം കഴിക്കുകയാണോ അതോ സൈക്കോകള്‍ ഗ്രേസിനെ തേടിപ്പിടിച്ച് കല്യാണം കഴിക്കുകയാണോ എന്ന് മൂവീ സ്ട്രീറ്റില്‍ മഹേന്ദ്ര രാജ് എന്ന ഐ.ഡി ചോദിക്കുന്നു. പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമുണ്ട്.

ഇത്രയും സൈക്കോകളെ കല്യാണം കഴിച്ച ഗ്രേസ് നാഗേന്ദ്രന്‍സ് ഹണിമൂണില്‍ സൈക്കോയെപ്പോലെ ആയിരുന്നെന്നും ഈ കഥാപാത്രത്തെ സുരാജ് കല്യാണം കഴിക്കുന്നുണ്ടെന്നുമാണ് പ്രധാന കമന്റ്. ഷൈന്‍ ടോം ചാക്കോ നായകനായ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല എന്ന കമന്റും ശ്രദ്ധ നേടുന്നുണ്ട്.

Content Highlight: Unnoticed similarity in Grace Antony’s filmography viral after OTT release of Avarachan and Sons

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more