| Saturday, 1st August 2026, 3:57 pm

2016ന് മുമ്പുള്ള കഥയില്‍ പുതിയ 50 രൂപാ നോട്ടും അബ്ബായുടെ അല്‍ ഹിലാല്‍ ജേഴ്‌സിയും; ബാലനില്‍ ശ്രദ്ധിക്കാതെ പോയ മിസ്‌റ്റേക്കുകള്‍

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ബാലന്‍ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. സീ ഫൈവിലൂടെയാണ് ബാലന്‍ സ്ട്രീം ചെയ്യുന്നത്.

ഒ.ടി.ടി റിലീസിന് ശേഷം ബാലനിലെ പല സീനുകളും വൈറലായിരിക്കുകയാണ്. അമ്മ- മകന്‍ കോമ്പോ സീനുകള്‍, ടൊവിനോയുടെ സീനുകള്‍, അമ്മാമ്മയുടെ സീനുകള്‍ തുടങ്ങി പല ഭാഗങ്ങളും റീല്‍സ് ലോകം ഭരിക്കുന്നുണ്ട്. ഗംഭീരമായ പല സീനുകളുമുണ്ടെങ്കിലും അധികമാരും ശ്രദ്ധിക്കാതെപോയ ചില മിസ്‌റ്റേക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സിനിമയുടെ തുടക്കത്തില്‍ അമ്മയും മകനും ഒരു ചായക്കടയില്‍ ജോലി ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ആളുകളൊന്നും അധികം വരാത്ത ചായക്കടയില്‍ ഇവര്‍ ജോലിക്ക് നിന്നതിന് ശേഷം തിരക്ക് കൂടുകയാണ്. കടയിലെത്തുന്ന മുതലാളി മേശവലിപ്പ് തുറക്കുമ്പോള്‍ അതില്‍ പൈസയും കാണാന്‍ സാധിക്കും. എന്നാല്‍ ഇതിനിടയില്‍ പുതിയ 50 രൂപാ നോട്ടും ഉള്‍പ്പെട്ടിട്ടുണ്ട്.

ബാലന്റെ കഥ ആരംഭിക്കുന്നത് 2016ന് മുമ്പാണെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് ഇറങ്ങുന്ന ഫര്‍സാനയുടെ കഥാപാത്രത്തിന് അത്രയും കാലത്തെ ശമ്പളം കൊടുക്കുമ്പോള്‍ അതില്‍ പഴയ ആയിരം രൂപയുടെ നോട്ടാണ് കാണിക്കുന്നത്. 2016 നവംബറിന് മുമ്പാണ് ഈ കഥ നടക്കുന്നതെന്ന് ഈ സീനിലൂടെ വരച്ചിടുകയാണ്. എന്നാല്‍ ഇതിന് ശേഷം തൊട്ടടുത്ത സീനില്‍ പുതിയ അമ്പത് രൂപ നോട്ട് കാണിച്ചത് സിനിമയുടെ മൊത്തം ക്രൂവും കാണാതെപോയ മിസ്‌റ്റേക്കാണ്.

രണ്ടാംപകുതിയില്‍ കഥയിലേക്കെത്തുന്ന അബ്ബ എന്ന കഥാപാത്രത്തിന്റെ കാര്യത്തിലും ചെറിയൊരു മിസ്റ്റേക്കുണ്ട്. 2016-17 കാലഘട്ടത്തിലാണ് ബാലന്‍ അബ്ബയുടെ അടുത്തെത്തുന്നത്. തന്റെ വീട്ടിലെത്തിച്ചതിന് ശേഷം തൊട്ടടുത്ത ദിവസം അബ്ബ അല്‍ ഹിലാല്‍ ക്ലബ്ബിന്റെ ജേഴ്‌സിയാണ് ധരിച്ചിരിക്കുന്നത്. സാവി ഗെയിംസ് ഗ്രൂപ്പിന്റെ പേരും ജേഴ്‌സിയില്‍ കാണാന്‍ സാധിക്കും.

2023 മുതലാണ് അല്‍ ഹിലാലിന്റെ സ്‌പോണ്‍സര്‍മാരായി സാവി ഗ്രൂപ്പ് വന്നത്. കഥ നടക്കുന്ന സമയവും ഈ ജേഴ്‌സിയും തമ്മില്‍ മാച്ചാകുന്നില്ലെന്നാണ് സിനിമാപേജുകള്‍ കണ്ടുപിടിച്ചത്. അതിഗംഭീരമായ മേക്കിങ്ങിന്റെയും പെര്‍ഫോമന്‍സിന്റെയും ഇടയില്‍ ഇത്തരം ചെറിയ മിസ്‌റ്റേക്കുകള്‍ വന്നത് ആസ്വാദനത്തെ ബാധിച്ചിട്ടില്ലെന്നാണ് ചില കമന്റുകള്‍.

Content Highlight: Unnoticed mistakes in Balan movie discussing after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more