ആദ്യഭാഗത്തില്‍ നിന്നുള്ള ഴോണര്‍ ഷിഫ്റ്റ്, ഡാര്‍ക്ക് കോമഡിയുടെ കൃത്യമായ ഉപയോഗം എന്നിവയില്‍ മലയാളത്തിലെ ബെഞ്ച് മാര്‍ക്കായി മാറിയിരിക്കുകയാണ് മോഹിനിയാട്ടം. തിയേറ്ററില്‍ ഫ്‌ളോപ്പായ ഭരതനാട്യത്തിന്റെ സീക്വലായെത്തിയ മോഹിനിയാട്ടം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്. കുറഞ്ഞ സ്‌ക്രീനുകളില്‍ റിലീസായ ചിത്രം മികച്ച കുതിപ്പാണ് നടത്തുന്നത്.
ആദ്യഭാഗം നിര്‍ത്തിയ അതേ പോയിന്റില്‍ നിന്നാണ് രണ്ടാം ഭാഗം ആരംഭിച്ചത്. ഭരതന്‍ നായര്‍ ഉണ്ടാക്കിവെച്ച മറ്റൊരു പൊല്ലാപ്പ് കാരണം ശശിധരനും കുടുംബവും മറ്റൊരു വലിയ പ്രശ്‌നത്തില്‍ പെടുന്നതും അതില്‍ നിന്ന് ഊരിപ്പോരാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. വണ്‍ലൈനുകളും റഫറന്‍സുകളും വെച്ച് കോമഡിയുടെ പൂരമാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി ഒരുക്കിവെച്ചത്.
എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ഗംഭീര ഡയറക്ടര്‍ ബ്രില്യന്‍സ് ചിത്രത്തിലുണ്ട്. ആദ്യഭാഗത്തില്‍ സായ് കുമാര്‍ അവതരിപ്പിച്ച ഭരതന്‍ നായര്‍ എന്ന കഥാപാത്രം മരിക്കുന്നത് തലയില്‍ തേങ്ങ വീണിട്ടാണ്. ഇത് വെറുതെ തമാശക്ക് വേണ്ടി എഴുതിയതാകുമെന്ന് ഭരതനാട്യം കാണുമ്പോള്‍ തോന്നും. എന്നാല്‍ മോഹിനിയാട്ടത്തില്‍ ഇതിന് പിന്നിലുള്ള കാരണം പറയാതെ പറഞ്ഞിട്ടുണ്ട്.
ഭരതനാട്യം Photo: Screen grab/ Speed audio
കൈക്കൂലിപണം വെളുപ്പിക്കാനായി ഭരതന്‍ നായരും കൂട്ടാളികളും ഉണ്ടാക്കിയെടുത്ത ഡ്യൂപ്ലിക്കേറ്റ് അമ്പലത്തിലെ പ്രധാന വഴിപാടാണ് മുട്ടറുക്കല്‍. ആഗ്രഹിച്ച കാര്യം നടക്കാന്‍ വേണ്ടി ഭക്തരുടെ തലയില്‍ തേങ്ങയടിച്ച് ഉടയ്ക്കുന്ന വഴിപാടാണ് മുട്ടറുക്കല്‍. ഇല്ലാക്കഥ പറഞ്ഞ് ഉണ്ടാക്കിയെടുത്ത അമ്പലവും അത് കാരണം പാവങ്ങളെ പറ്റിച്ചതിന്റെ കര്‍മഫലവും കാരണമാണ് ഭരതന്‍ നായര്‍ തലയില്‍ തേങ്ങ വീണ് മരിച്ചതെന്ന് കരുതിയാല്‍ തെറ്റില്ല.
ഇത് മാത്രമല്ല, നാട്ടില്‍ തന്റെ കുടുംബത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്ന് തെങ്ങിന്‍ തോപ്പാണ്. കിട്ടുന്ന തേങ്ങ മുഴുവന്‍ ഭരതന്‍ നായര്‍ ശ്രീകണ്‌ഠേശ്വരത്തെ അമ്പലത്തിലേക്ക് എത്തിക്കുകയായിരുന്നോ എന്ന് കരുതിയാലും അതില്‍ തെറ്റ് പറയാനാകില്ല. ഭക്തിയുടെ പേരില്‍ ഒരു നാടിനെ തന്നെ പറ്റിക്കുകയും അവരുടെ തലയില്‍ തേങ്ങയുടക്കുകയും ചെയ്തിരുന്ന ഭരതന്‍ നായര്‍ തലയില്‍ തേങ്ങ വീണ് മരിച്ചത് കാലത്തിന്റെ കാവ്യനീതിയാണ്.
ആദ്യഭാഗത്തില്‍ പാവത്താനെപ്പോലെ നിന്ന് ഒരു കുടുംബത്തെ പറ്റിച്ച ഭരതന്‍ നായര്‍ മോഹിനിയാട്ടത്തിലേക്ക് എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ ഫ്രോഡ് കഥാപാത്രമായി മാറിയിരിക്കുകയാണ്. ജോലി ചെയ്യുന്ന സമയത്ത് ഭരതന്‍ നായര്‍ കാണിച്ചുകൂട്ടിയ ഉഡായിപ്പുകള്‍ ഇനിയുമുണ്ടാകാം. ഈയൊരു കഥാപാത്രത്തെ മാത്രം ഫോക്കസ് ചെയ്ത് ഭരതനാട്യത്തിന് എത്ര സീക്വല്‍ വേണമെങ്കിലും പടച്ചുവിടാമെന്ന രീതിയിലാണ് സംവിധായകന്‍ ഭരതന്‍ ഭരതന്‍ നായരെ ചിത്രീകരിച്ച് വെച്ചിരിക്കുന്നത്.
Content Highlight: Unnoticed director brilliance in Mohiniyattam movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ