| Sunday, 2nd August 2026, 1:50 pm

അന്ന് തന്നെ മകന്റെ അടുത്തേക്ക് പൊയ്ക്കൂടായിരുന്നോ, എന്തിനാണ് അവനെ ഒറ്റക്ക് നിര്‍ത്തിയത്? ബാലനിലെ ചോദ്യങ്ങളും ഉത്തരങ്ങളും

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് പലരും അഭിപ്രായപ്പെട്ട ബാലന്‍ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ചിത്രം നിരൂപകരും പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. സീ ഫൈവിലൂടെ സട്രീം ചെയ്യുന്ന ബാലനാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച.

പല നാടുകളില്‍ പല പേരുകളില്‍ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ബാലന്റേത്. കാണുന്ന പ്രേക്ഷകന്റെ ചിന്തക്കനുസരിച്ച് ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഷെയ്ഡ് മാറിവരുമെന്നതാണ് കഥയുടെ പ്രത്യേകത. അമ്മയുടെ അടുത്തെത്താന്‍ ആഗ്രഹിക്കുന്ന മകന്റെ കഥയായി ചിലര്‍ ബാലനെ കാണുമ്പോള്‍ ടോക്‌സിക്കായ രക്ഷിതാവും മകനും തമ്മിലുള്ള ബന്ധമായി ചിലര്‍ ബാലനെ കണക്കാക്കും.

അതുവരെ സ്ലോ പെയ്‌സില്‍ പോകുന്ന സിനിമയെ ഗംഭീരമാക്കുന്ന ക്ലൈമാക്‌സിനെച്ചൊല്ലിയും സിനിമാപേജുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രേക്ഷരുടെ ശ്രദ്ധ തിരിച്ചുവിട്ട് അതിലൂടെ ഒരു ട്വിസ്റ്റ് നിര്‍മിച്ചത് മികച്ച പരീക്ഷണമായിരുന്നു. യഥാര്‍ത്ഥ ഷേര്‍ളിയെ കൊണ്ടുവന്ന് നിര്‍ത്തിയ ശേഷം അമ്മ അവിടുന്ന് രക്ഷപ്പെടുന്നതായാണ് ക്ലൈമാക്‌സില്‍ കാണിക്കുന്നത്.

എന്നാല്‍ അന്ന് ആ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുപോയ അമ്മക്ക് നേരെ മകന്റെ അടുത്തേക്ക് പൊയ്ക്കൂടായിരുന്നോ എന്നാണ് ചിലരുടെ ചോദ്യം. എത്ര വൈകിയാലും അമ്മ വരുമെന്ന് പറഞ്ഞതുകൊണ്ട് മകന്‍ ബസ് സ്റ്റോപ്പില്‍ തന്നെ നില്‍ക്കുന്നുണ്ട്. അന്ന് അവിടെ എത്തിയിരുന്നെങ്കില്‍ മകന്‍ മിസ്സാകില്ലായിരുന്നല്ലോ എന്നും ചോദ്യങ്ങളുണ്ട്.

എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് കഥയില്‍ തന്നെ മറുപടി ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നാണ് കമന്റുകള്‍. ഹോം നേഴ്‌സായി ജോലി ചെയ്യുന്ന വീട്ടില്‍ തന്നെയും മകനെയും ആരും ശ്രദ്ധിക്കാതിരിക്കാന്‍ പിന്‍വശത്തുകൂടെയാണ് അവര്‍ എന്നും വരുന്നതും പോകുന്നതും. ഷേര്‍ളിയെ എല്ലാവരും കാണുന്നത് ആ വീട്ടില്‍ കൊലപാതം നടക്കുന്ന ദിവസമാണ്. അന്നേദിവസം അതുവരെ കാണാത്ത ഒരാളെ നാട്ടില്‍ കാണുമ്പോള്‍ പലര്‍ക്കും സംശയം തോന്നാന്‍ സാധ്യതയുള്ളതിനാലാണ് അമ്മ ഒളിച്ചുനിന്നത്.

തന്നിലൂടെ മകനിലേക്ക് എത്തരുതെന്ന ചിന്തയും അവര്‍ക്ക് ഉണ്ടായിരിക്കുമെന്നും അതിനാലാണ് അന്ന് ബസ് സ്‌റ്റോപ്പിലേക്ക് ചെല്ലാത്തതെന്നും കമന്റുകളുണ്ട്. മകന്റെ ഡ്രസുകളെല്ലാം ബാഗിലാക്കിയാണ് അവര്‍ രക്ഷപ്പെടുന്നത്. പവിത്രന്‍ എന്ന കഥാപാത്രം പിന്നീട് ആ വീട്ടില്‍ അന്വേഷണത്തിനെത്തുമ്പോഴും ഷേര്‍ളി ഒറ്റക്കാണെന്ന് അവിടെയുള്ള പൊലീസുകാരന്‍ പറയുന്നുണ്ട്.

എല്ലാം സ്പൂണ്‍ഫീഡ് ചെയ്യാതെ കഥയുടെ അങ്ങിങ്ങായി ചില സൂചനകള്‍ നല്‍കിക്കൊണ്ടാണ് ജിത്തു തന്റെ തിരക്കഥയൊരുക്കിയത്. അതിനാല്‍ തന്നെ ബാലനിലെ ചില ഡയറക്ടര്‍ ബ്രില്യന്‍സുകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ബാലന്റെ അമ്മ ടോക്‌സിക്കാണോ അല്ലയോ എന്നതും ചിലര്‍ ചര്‍ച്ചയാക്കുന്നുണ്ട്.

Content Highlight: Unnoticed director brilliance in Balan movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more