| Monday, 2nd February 2026, 8:45 pm

സണ്ണിയുടെ ഭ്രാന്തന്‍ ചിന്തയല്ല, അല്ലിയുടെ സൈക്കിളും കൊണ്ട് 70 കിലോമീറ്റര്‍ പോയതിലെ ബ്രില്യന്‍സ് വിവരിക്കുന്ന പോസ്റ്റ് വൈറല്‍

അമര്‍നാഥ് എം.

മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കെന്ന് കണ്ണുംപൂട്ടിവിളിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ അണിയിച്ചൊരുക്കിയ ചിത്രം മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും പലരുടെയു ഫേവറെറ്റായി നിലനില്‍ക്കുന്നു. മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും ബ്രില്യന്റായിട്ടുള്ള തിരക്കഥകളിലൊന്നാണ് മണിച്ചിത്രത്താഴിന്റേതെന്ന് സംശയമില്ലാതെ പറയാം.

സംവിധായകന്‍ കഥയില്‍ ഒളിപ്പിച്ചുവെച്ച പല ബ്രില്യന്‍സുകളും ഓരോ വര്‍ഷം കഴിയുന്തോറും ചര്‍ച്ചായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മണിച്ചിത്രത്താഴില്‍ ഇപ്പോഴും പലരുടെയും സംശയമാണ് ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള മോഹന്‍ലാലിന്റെ ഒരു നീക്കം.

മണിച്ചിത്രത്താഴ് Photo: Screen grab/ Saina Music

ഗംഗയെക്കുറിച്ച് അന്വേഷിക്കാന്‍ ചന്തുവിനെയും കൂട്ടി ഏവൂര്‍ എന്ന സ്ഥലത്തേക്ക് സണ്ണി പോകുന്നുണ്ട്. മാടമ്പള്ളിയില്‍ നിന്ന് 70 കിലോമീറ്ററിലധികം ദൂരമുള്ള ഏവൂരിലേക്ക് പോകാന്‍ സണ്ണി എന്തിന് സൈക്കിള്‍ തെരഞ്ഞെടുത്തു എന്ന് പലരും ചോദിക്കുന്നുണ്ട്. അത്രയും ദൂരം സൈക്കിളില്‍ പോകുന്നതിനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും വൈറലാണ്. ഇപ്പോഴിതാ സണ്ണിയുടെ ആ തീരുമാനത്തിന് പിന്നിലുള്ള കാരണം വിവരിക്കുകയാണ് സില്‍വര്‍ ടൈംസ് എന്ന ഫേസ്ബുക്ക് പേജ്.

ചിത്രത്തില്‍ ഗംഗയുടെ മനസിലുണ്ടായ നാഗവല്ലി എന്ന സ്പ്ലിറ്റ് പേഴ്‌സണാലിറ്റി തന്റെ കാമുകനായ രാമനാഥനെ കാണുന്നത് അയല്‍വക്കത്തുള്ള മഹാദേവനിലാണ്. എന്നാല്‍ മഹാദേവന്റെ കല്യാണം ആ തറവാട്ടിലുള്ള അല്ലിയുമായി ഉറപ്പിച്ചിട്ടുണ്ട്. നകുലനെപ്പോലെ നാഗവല്ലിയുടെ തടസങ്ങളിലൊരാളാണ് അല്ലി. അവളെ ഇല്ലാതാക്കാന്‍ നാഗവല്ലി ശ്രമിക്കുന്നുമുണ്ട്.

മണിച്ചിത്രത്താഴ് Photo: Screen grab/ Saina Music

അല്ലി ആ തറവാട്ടില്‍ വരുമ്പോള്‍ ഇല്ലാതാക്കുക എന്ന നാഗവല്ലിയുടെ പദ്ധതി തകര്‍ക്കാന്‍ സണ്ണി കണ്ടെത്തിയ വഴിയാണ് ഈ സൈക്കിളിലുള്ള പോക്ക്. സൈക്കിള്‍ കാണാതാകുമ്പോള്‍ അല്ലി അവിടെയില്ല എന്ന ചിന്ത നാഗവല്ലിക്ക് വരാതിരിക്കുകയും അതുവഴി അല്ലിയെ രക്ഷിക്കാനാകും എന്ന് സണ്ണി ചിന്തിച്ചെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ അല്ലിക്ക് മാടമ്പള്ളിയിലേക്ക് നടന്നുവരാമല്ലോ എന്നും അങ്ങനെ വരുമ്പോള്‍ സണ്ണിക്ക് എന്ത് ചെയ്യാനാകുമെന്നും പോസ്റ്റിന് താഴെ ചിലര്‍ ചോദ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ സൈക്കിള്‍ അവിടെ കാണാതിരിക്കുമ്പോള്‍ അല്ലി അവിടെ കാണില്ലെന്ന് കരുതി നാഗവല്ലി തിരിച്ചുപോകുമെന്ന് കമന്റിന് മറുപടി നല്‍കിയിട്ടുണ്ട്.

മണിച്ചിത്രത്താഴ് Photo: Theatrical poster

സംവിധായകനും തിരക്കഥാകൃത്തും ഇങ്ങനെയൊരു കാരണം ചിന്തിച്ചുണ്ടാകുമോ എന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു. റിലീസ് ചെയ്ത് 33 വര്‍ഷം കഴിഞ്ഞിട്ടും ഒരുതരി പോലും മടുപ്പിക്കാതെ ഫ്രഷ് ഫീല്‍ നല്‍കുന്ന മണിച്ചിത്രത്താഴില്‍ ഇനിയും ബ്രില്യന്‍സുകള്‍ ഉണ്ടാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Unnoticed brilliance in Manichithrathazhu movie viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more