മറിമായം എന്ന പരമ്പരയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ നടനാണ് ഉണ്ണിരാജ. തൊണ്ടിമുലതലും ദൃക്‌സാക്ഷിയും ഓപറേഷന്‍ ജാവ, അവിഹിതം തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ഉണ്ണി രാജ മലയാളികള്‍ക്ക് പ്രിയങ്കരനാണ്.
മറിമായമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഉണ്ണിരാജ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിങ്ങിനിടെ തനിക്ക് പറ്റിയ ഒരു അപകടത്തെ കുറിച്ചും തന്റെ അതിജീവിത യാത്രയെ കുറിച്ചും സംസാരിക്കുകയാണ് ഉണ്ണിരാജ.
‘എറണാകുളത്ത് മറിമായം ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ ചെറിയൊരു അപകടം സംഭവിച്ചു. ഒന്ന് വീണു. സ്‌പൈനല്‍കോഡിന് ചെറിയ പരിക്കുപറ്റി. സര്‍ജറി ചെയ്ത് ഏറെക്കാലം വിശ്രമത്തിലായിരുന്നു. ആ വീഴ്ച എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി.
അതുവരെ ഞാന്‍ ഓരോ ദിവസവും ഒരുപാട് കാര്യങ്ങളുമായി നെട്ടോട്ടമായിരുന്നു. ഇനി അങ്ങനെ വേണ്ടതില്ല എന്നും ഓരോന്നും കൃത്യമായി ശ്രദ്ധിച്ച് ചെയ്യണമെന്നും ഉറപ്പിച്ചു,’ ഉണ്ണിരാജ പറഞ്ഞു.
മികച്ച ഹാസ്യനടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരമടക്കം ഒരുപിടി പുരസ്‌കാരങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും ഒന്നുമില്ലായ്യില്‍ തുടങ്ങി ഇത്രയും പുരസ്‌കാരങ്ങള്‍ നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുകാലം മുമ്പ് വരെ സിനിമയില്‍ കാസര്‍കോഡ് നിന്ന് കലാകാരന്മാര്‍ കുറവായിരുന്നുവെന്നും എന്നാല്‍ ഇന്ന് ഒരുപാടുപേര്‍ സജീവമാണെന്നും ഉണ്ണിരാജ കൂട്ടിച്ചേര്‍ത്തു. ആ കൂട്ടത്തില്‍ കാസര്‍കോടിന്റെ പ്രതിനിധിയായി തന്നെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആ സ്‌നേഹം ഓരോ സ്ഥലത്ത് പോകുമ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യര്‍ ചുറ്റും കൂടുകയും എന്ത് സഹായവും ചെയ്യാനായി വരാറുമുണ്ട്. അതിലെല്ലാം ഏറെ സന്തോഷമുണ്ട്. എനിക്ക് ലഭിക്കുന്ന ഈ സ്‌നേഹവും സന്തോഷവും എന്റെ നാടിനുകൂടി ലഭിക്കുന്ന അംഗീകാരമായാണ് കാണുന്നത്, ഉണ്ണിരാജ പറഞ്ഞു.
അതേസമയം അവിഹിതമാണ് ഉണ്ണിരാജയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
Content Highlight: Unniraja talks about his film career and life experiences