| Thursday, 1st December 2022, 9:55 am

ധനുഷ് എനിക്ക് തന്ന ഓട്ടോഗ്രാഫ് ഇപ്പോഴും ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷ് നല്‍കിയ ഓട്ടോഗ്രാഫ് ഇപ്പോഴും താന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. നന്ദനം സിനിമയുടെ തമിഴ് റീമേക്കിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അന്ന് ധനുഷിനോടൊപ്പം എടുത്ത ഫോട്ടോയിലാണ് കയ്യൊപ്പ് നല്‍കിയതെന്നും, ഇന്നും തന്റെ പെട്ടിയില്‍ ആ ഫോട്ടോ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

മൈല്‍സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ധനുഷ് എനിക്ക് തന്ന ഓട്ടോഗ്രാഫ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് എനിക്ക് ഓട്ടോഗ്രാഫ് നല്‍കിയത്. അന്ന് ഞാന്‍ അത് ഫ്രെയിം ചെയ്തുവെച്ചിരുന്നു. കാരണം കൂടെ വര്‍ക്ക് ചെയ്ത വലിയൊരു ആക്ടറാണല്ലോ, അങ്ങനെയാണ് ഞാനത് സൂക്ഷിച്ച്‌ വെച്ചത്.

അടുത്തിടെ ഞാന്‍ എന്റെ പെട്ടിയൊക്കെ വൃത്തിയാക്കുന്നതിനിടയിലാണ് വീണ്ടും അത് കാണുന്നത്. ധനുഷും ഞാനും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയിലായിരുന്നു പുള്ളി അന്ന് കയ്യൊപ്പ് നല്‍കിയത്. ഞാന്‍ ആകെ സൂക്ഷിച്ചുവെച്ച ഓട്ടോഗ്രാഫ് അതുമാത്രമാണ് ഇപ്പോള്‍. ബാക്കിയൊക്കെ പോയി,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന രഞ്ജിത് സിനിമയുടെ റീമേക്കിലാണ് ഉണ്ണി മുകുന്ദനും ധനുഷും ഒരുമിച്ച് അഭിനയിച്ചത്. സുബ്രഹ്മണ്യം ശിവ സംവിധാനം ചെയ്ത റീമേക്ക് ചിത്രത്തിന്റെ പേര് ‘സീടന്‍’ എന്നാണ്. നന്ദനത്തില്‍ പൃഥ്വിരാജ് ചെയ്ത കഥാപാത്രമാണ് തമിഴില്‍ ഉണ്ണി മുകുന്ദന്‍ ചെയ്തത്.

എന്നാല്‍ തമിഴിലേക്ക് വരുമ്പോള്‍ മലയാളത്തില്‍ നിന്നും വ്യത്യസ്തമായി ധനുഷിന്റെ മുരുകന്‍ കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സിനിമയുടെ റീമേക്ക് കണ്ടിട്ട് രാജുവേട്ടന്‍ അഭിപ്രായം ഒന്നും പറഞ്ഞില്ലെന്നും,  അത്തരമൊരു ഡിസ്‌കഷന്‍ ഇതുവരെ നടന്നിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം. നവംബര്‍ 25നാണ് സിനിമ തിയേറ്ററില്‍ എത്തിയത്. ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍, ഷെഹിന്‍ സിദ്ദിഖ്, സ്മിനു സിജോ തുടങ്ങിയവരും മറ്റ് മുഖ്യവേഷങ്ങളില്‍ എത്തിയിരുന്നു. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമാണിത്.

CONTENT HIGHLIGHT: UNNIMUKUNDAN SAYS ABOUT HIS FIRST AUTOGRAPH FROM DANUSH

Latest Stories

We use cookies to give you the best possible experience. Learn more