മോളിവുഡില്‍ ക്യാരക്ടര്‍ റോളുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഉണ്ണിമായ പ്രസാദ്. തിരക്കഥാകൃത്തായ ശ്യാം പുഷ്‌കറിന്റെ പങ്കാളിയായ ഉണ്ണിമായ കാസ്റ്റിങ് ഡയറക്ടറായും സിനിമാലോകത്ത് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലും ഉണ്ണിമായ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ചെറിയ വേഷങ്ങളിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവന്നത്. മോളിവുഡിന്റെ ഗതി മാറ്റിയ സിനിമകളിലൊന്നായ മഹേഷിന്റെ പ്രതികാരത്തില്‍ ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട് കൈയടി നേടിയിരുന്നു. ദിലീഷ് പോത്തന്‍ അവതരിപ്പിച്ച എല്‍ദോയുടെ ഭാര്യയായാണ് ഉണ്ണിമായ വേഷമിട്ടത്. സാറ എന്ന കഥാപാത്രം എല്‍ദോയോട് ദേഷ്യപ്പെടുന്നതും പിന്നീടുള്ള ‘ചില്‍ സാറാ ചില്‍’ എന്ന ഡയലോഗും ഇന്നും മീം പേജുകളിലെ പ്രധാന ഇരയാണ്.
പറവ, പാല്‍തു ജാന്‍വര്‍, റൈഫിള്‍ ക്ലബ്ബ് തുടങ്ങിയ ചിത്രങ്ങളില്‍ ഉണ്ണിമായയുടെ ചില ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയിലും മീം പേജുകളിലും ട്രെന്‍ഡിങ്ങാണ്. ഇപ്പോഴിതാ, അത്തരം ഡയലോഗുകളുടെ ക്രെഡിറ്റ് തനിക്കല്ലെന്ന് പറയുകയാണ് താരം. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിമായ പ്രസാദ്.
‘മഹേഷിന്റെ പ്രതികാരത്തിലായാലും ജോജിയിലായാലും പാല്‍തു ജാന്‍വറിലായാലും സ്‌ക്രിപ്റ്റില്‍ എന്താണോ എഴുതിയത് അത് ചെയ്യുക എന്നത് മാത്രമേ എന്റെ ഭാഗത്ത് നിന്ന് വരാറുള്ളൂ. സ്‌ക്രിപ്റ്റും ഡയലോഗും എഴുതുന്നവര്‍ ഈ സീനില്‍ ഈ ആര്‍ട്ടിസ്റ്റാണെങ്കില്‍ എങ്ങനെയാകും പ്രസന്റ് ചെയ്യുക എന്ന ഐഡിയയിലാകും എഴുതിയിട്ടുണ്ടാവുക.
എന്റെ ഒരു ടോണിനനുസരിച്ചാണ് ആ ഡയലോഗുകള്‍ അവര്‍ എഴുതിയതെന്ന് തോന്നു. പാല്‍തു ജാന്‍വറിലെ ‘എന്റെ വാവയെക്കൊണ്ട് ഇതൊന്നും പറ്റില്ല’ എന്ന ഡയലോഗൊക്കെ അങ്ങനെ വന്നതാണ്. എന്റെ കോണ്‍ട്രിബ്യൂഷനൊന്നും വലുതായിട്ട് ഇല്ല. അതൊക്കെ ട്രോളിലും മീമിലും നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ശ്യാമിന് തന്നെ കൊടുക്കണം,’ ഉണ്ണിമായ പ്രസാദ് പറഞ്ഞു.
ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ ഇതിനോടകം വന്‍ വിജയം സ്വന്തമാക്കിക്കഴിഞ്ഞു. പാര്‍വതി തിരുവോത്ത് പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ പൊലീസ് റോളിലാണ് ഉണ്ണിമായ പ്രത്യക്ഷപ്പെട്ടത്. മാത്യു തോമസ്, വിജയരാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Unnimaya Prasad about her trending dialogues