| Monday, 29th September 2025, 9:27 am

ഉണ്ണികൃഷ്ണന്‍ പോറ്റി പീഠം നാലര വര്‍ഷം ഒളിപ്പിച്ച് എല്ലാവരേയും വിഡ്ഢികളാക്കി; ഗൂഢാലോചനയെന്ന് മന്ത്രി വി.എന്‍ വാസവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിലെ കാണാതായ പീഠം നാലര വര്‍ഷം ഒളിപ്പിച്ചുവെച്ച് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എല്ലാവരേയും കബളിപ്പിച്ചെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍.

കഴിഞ്ഞദിവസം കാണാതായ സ്വര്‍ണപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലന്‍സും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം മന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പീഠം ഒളിപ്പിച്ചുവെച്ച ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയതും നാലര വര്‍ഷം പൊതുജനങ്ങള്‍ക്ക് മുന്നില്‍ നാടകം കളിക്കുകയും ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വിമര്‍ശിച്ചു.

ശബരിമലയിലേക്ക് പീഠം സ്‌പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ തന്നെയാണ് പിന്നീട് കാണാതായെന്ന പരാതിയുമായി രംഗത്തെത്തിയതും. ഇതോടെയാണ് സംഭവത്തിന് പിന്നില്‍ ഏതെങ്കിലും ഇടപെടലുണ്ടോയെന്ന സംശയമുയര്‍ന്നിരിക്കുന്നത്.

അതേസമയം, ഞായറാഴ്ചയാണ് ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പങ്ങളുടെ പീഠം സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവായ മിനി ദേവിയുടെ വെഞ്ഞാറമൂട്ടിലുള്ള വീട്ടില്‍ കണ്ടെത്തിയത്.

കൂടുതല്‍ അന്വേഷണത്തില്‍ പീഠങ്ങള്‍ ഉപയോഗിച്ച് ഉണ്ണികൃഷ്ണന്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായി വിജിലന്‍സിന് സൂചന ലഭിച്ചിട്ടുണ്ട്.

പീഠവും സ്വര്‍ണപാളിയും മറയാക്കി അയ്യപ്പ ഭക്തരെ കബളിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്.

വീട്ടില്‍ സൂക്ഷിച്ച പീഠത്തില്‍ പൂജകള്‍ നടത്തിയിരുന്നു. അയ്യപ്പ ഭക്തരില്‍ നിന്നും പൂജയുടെ മറവില്‍ പണം പിരിക്കുകയും ചെയ്തു.

പീഠം കാണാനില്ലെന്ന് പരാതി ഉന്നയിച്ച പോറ്റി തന്നെ ശബരിമല സ്‌ട്രോങ് റൂമില്‍ പീഠം എത്തിക്കാന്‍ നീക്കം നടത്തിയതിന്റെ തെളിവുകളും ദേവസ്വം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ എല്ലാകാര്യങ്ങളും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ദേവസ്വം വിജിലന്‍സിനോട് നിര്‍ദേശിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ വൈകാതെ മര്‍പ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

Content  Highlight: Unnikrishnan Potti hid statue pedestal for four and a half years and fooled everyone; Minister VN Vasavan says it’s a conspiracy

We use cookies to give you the best possible experience. Learn more