| Thursday, 2nd October 2025, 11:46 am

സ്വര്‍ണപാളികളുടെ അറ്റകുറ്റപ്പണി നടത്തണം; 2020ലും ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിനെ സമീപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മുമ്പും ദുരൂഹ ഇടപെടലുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. 2020ലും സ്വര്‍ണപാളികളുടെ അറ്റകുറ്റപ്പണി നടത്താന്‍ വാഗ്ദാനം ചെയ്ത് പോറ്റി ദേവസം പോറ്റി ബോര്‍ഡിനെ സമീപിച്ചു.

പാളികള്‍ സ്ഥാപിച്ച് മൂന്ന് മാസം കഴിഞ്ഞ ഉടനെയെന്നാണ് വീണ്ടും പോറ്റി ഇടപെടല്‍ നടത്തിയത്. ശില്‍പങ്ങള്‍ക്ക് മങ്ങല്‍ ഉണ്ടെന്നും അറ്റകുറ്റപ്പണികള്‍ നടത്താമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം ബോര്‍ഡ് അംഗീകരിച്ചിരുന്നില്ല.

2019 ഒക്ടോബറിലാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ ആദ്യമായി കൊണ്ടുപോകുന്നതും സ്വര്‍ണം പൂശി തിരികെ കൊണ്ടുവരുന്നതും. തുടര്‍ന്ന് മൂന്ന് മാസത്തിനിടെ ശില്‍പങ്ങള്‍ക്ക് മങ്ങല്‍ സംഭവിച്ചു എന്ന് പറഞ്ഞാണ് പോറ്റി ബോര്‍ഡിന് കത്തെഴുതുന്നത്. വിശ്വാസ ചൂഷണവും വില്‍പനയും ലക്ഷ്യമിട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.

ശബരിമലയില്‍ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപാളി പരാതിക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തന്നെ കണ്ടെത്തിയതില്‍ ഗൂഢാലോചയുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. സ്വര്‍ണപീഠം നാലരവര്‍ഷക്കാലം ഒളിപ്പിച്ചുവെച്ച് ഉണ്ണികൃഷ്ണന്‍ എല്ലാവരെയും കബളിപ്പിച്ചുവെന്നും മന്ത്രി പ്രതികരിച്ചു.

ശബരിമലയിലേക്ക് പീഠം സ്പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ തന്നെയാണ് പിന്നീട് ഇവ കാണാതായെന്ന പരാതിയുമായി രംഗത്തെത്തിയതും. ഇതോടെയാണ് സംഭവത്തിന് പിന്നില്‍ ഏതെങ്കിലും ഇടപെടലുണ്ടോയെന്ന സംശയമുയര്‍ന്നത്.

Content Highlight:  Unnikrishnan approached the Devaswom Board to repair the gold layers In 2020

We use cookies to give you the best possible experience. Learn more