പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാമത് ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ ബയോപിക് പ്രഖ്യാപിച്ചിരിക്കുകയാണ്. മാ വന്ദേ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ നായകനാകുന്നത് മലയാളി താരം ഉണ്ണി മുകുന്ദനാണ്. തെലുങ്ക് സംവിധായകന്‍ ക്രാന്തി കുമാര്‍ സി.എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ റിലീസാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ ഇത് ആദ്യമായല്ല മോദിയുടെ ബയോപിക് ഒരുങ്ങുന്നത്. പി.എം. നരേന്ദ്ര മോദി എന്ന പേരില്‍ വിവേക് ഒബ്‌റോയ് നായകനായി 2019ല്‍ ആദ്യത്തെ ബയോപിക് പുറത്തിറങ്ങിയിരുന്നു. ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ തകര്‍ന്നിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തെ ട്രോളന്മാര്‍ വലിച്ചുകീറിയത് വാര്‍ത്തയായിരുന്നു.
എന്നാല്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘അടുത്ത നാഷണല്‍ അവാര്‍ഡ് ലോഡിങ്’, ‘വിവേക് ഒബ്‌റോയ് ഇത് കണ്ട് കരയുന്നു’, ‘500 കോടി കളക്ഷന്‍ കണ്‍ഫോം’ എന്നാണ് പരിഹസിച്ചുകൊണ്ടുള്ള കമന്റുകള്‍. ‘ഇങ്ങനെയൊരു സിനിമ ചെയ്യാനായത് നടനെന്ന നിലയില്‍ ഉണ്ണി മുകുന്ദന്റെ ഭാഗ്യം’ എന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.
അഞ്ച് വര്‍ഷത്തിന് ശേഷം മോദിയുടെ കഥ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. മാര്‍ക്കോയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിച്ചെന്ന് ആരാധകര്‍ അവകാശപ്പെടുന്ന ഉണ്ണി മുകുന്ദന്‍ നരേന്ദ്ര മോദിയായി വേഷമിടുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പീപ്പ് ഷോ എന്ന ചിത്രം സംവിധാനം ചെയ്ത ക്രാന്തി കുമാറിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണിത്.
ഇന്ത്യന്‍ സിനിമയിലെ മികച്ച കലാസംവിധായകനായ സാബു സിറിളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. കെ.ജി.എഫ് സീരീസിലൂടെ ശ്രദ്ധ നേടിയ രവി ബസ്‌റൂറാണ് മാ വന്ദേക്ക് സംഗീതം നല്‍കുന്നത്. കിങ് സോളമനാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 2026ല്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
മാര്‍ക്കോക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായ ഗെറ്റ് സെറ്റ് ബേബി, കാഥികന്‍, മെഹ്ഫില്‍ എന്നിവ ബോക്‌സ് ഓഫീസില്‍ ഒട്ടും ശോഭിച്ചിരുന്നില്ല. വീണ്ടും മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രവുമായി സിനിമാപേജുകളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. രണ്ടാം തവണ ബിഗ് സ്‌ക്രീനില്‍ മോദിയുടെ കഥ സിനിമയാകുന്നതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
Content Highlight: Unni Mukundan is going to do the biopic of Narendra Modi