മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാലായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ച, മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് ഉണ്ണി മേനോന്‍. നിരവധി പ്രമുഖ സംഗീത സംവിധായകരുടെ കൂടെ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
എ.ആര്‍. റഹ്‌മാന്റെ ഇഷ്ടഗായകരില്‍ ഒരാള്‍ കൂടിയായ ഇദ്ദേഹം എ. ആര്‍ റഹ്‌മാന് വേണ്ടി 26ാളം ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്. സുജാത മോഹനും ഉണ്ണി മേനോനും ചേര്‍ന്ന് ആലപിച്ച റോജയിലെ ‘പുതുവെള്ളൈമഴൈ’ സംഗീതരംഗത്ത് ഉണ്ടാക്കിയ ഓളം ചെറുതൊന്നും അല്ല.
ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആ പാട്ടിന് പിന്നില്‍ ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഉണ്ണി മേനോന്‍. റഹ്‌മാനെ തനിക്ക് നേരത്തെ അറിയാമെന്നും അര്‍ജ്ജുനന്‍ മാഷിന്റെയും ജോണ്‍സണ്‍ മാഷിന്റെയുമൊപ്പം കീബോര്‍ഡ് വായിക്കുന്ന സമയത്തേയുള്ള പരിചയമാണെന്നും ഉണ്ണി മേനോന്‍ പറയുന്നു.
‘പിന്നെ, ഔസേപ്പച്ചന്‍ സംഗീതം നിര്‍വഹിച്ച ഒരു ആല്‍ബത്തിന് പ്രോഗ്രാമിങ് ചെയ്തത് റഹ്‌മാനായിരുന്നു. ഞാനും സുജാതയുമാണ് അത് പാടിയത്. അന്നേ അധികം ആരോടും വലിയ സംസാരമൊന്നുമില്ല. കൃത്യസമയത്തുവരും. ജോലി ചെയ്യും. പോവും. അതാണ് രീതി.
ഒരു ദിവസം റഹ്‌മാന്‍ വിളിച്ചു.’പുതിയൊരു പ്രോജക്റ്റ് വന്നിട്ടുണ്ട്. കാണണം’ എന്ന് പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ പ്രമുഖരുടെ ഒരു നിരയുണ്ട് അവിടെ. സംവിധായകന്‍ മണിരത്‌നം, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയ പ്രമുഖര്‍.
റഹ്‌മാന്‍ എന്നോട് പറഞ്ഞു.’പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉപേക്ഷിക്കും. സംഗീതം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇവര്‍ എന്നെയും ഉപേക്ഷിക്കും’ എന്നാണ് പറയുന്നത്. അങ്ങനെയാണ് പുതുവെള്ളൈ മഴൈ പാടുന്നത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം,’ ഉണ്ണി മേനോന്‍ പറഞ്ഞു.
റഹ്‌മാന്‍ നല്ല സംഗീതസംവിധായകന്‍ മാത്രമല്ല നല്ല മനുഷ്യനും കൂടിയാണെന്നും പാട്ടുകാരോട് അദ്ദേഹത്തിന് നല്ല ബഹുമാനമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല അര്‍ഹമായ പ്രതിഫലം വാങ്ങിത്ത രുമെന്നും അത് അദ്ദേഹത്തിനു നിര്‍ബന്ധമുള്ള കാര്യമാണെന്നും ഉണ്ണി മേനോന്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: Unni Menon about A.R. Rahman and the song Puduvellai Mazha