ന്യൂദല്‍ഹി: രാജ്യത്ത് വന്‍ കോളിളക്കം ഉണ്ടാക്കിയ ഉന്നാവോ കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം മരവിപ്പിച്ച് ദല്‍ഹി ഹൈക്കോടതി.
പിന്നാലെ പ്രതിക്ക് ജാമ്യമനുവദിക്കുകയും ചെയ്തു. നേരത്തെ വിചാരണ കോടതിയാണ് ജീവപര്യന്തം വിധിച്ചിരുന്നത്. വിചാരണ കോടതി വിധിക്കെതിരെ കുല്‍ദീപ് നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കും വരെയാണ് നടപടിയെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുകയ്ക്ക് തുല്യമായ മൂന്ന് ആള്‍ ജാമ്യവും നല്‍കണമെന്നും നിര്‍ദേശമുണ്ട്.
അതിജീവിതയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതി വരരുതെന്നും അപ്പീല്‍ പരിഗണനയിലുള്ള സമയത്ത് ദല്‍ഹിയില്‍ തന്നെയുണ്ടാവണമെന്നും ജസ്റ്റിസുമാരായ സുബ്രമണ്യ പ്രസാദ്,ഹരീഷ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവോയിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ മടിക്കുകയും പെണ്‍കുട്ടിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനടക്കമുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയതു.
പിന്നീട് റായ്ബറേലിയില്‍ നടന്ന വാഹനാപകടത്തില്‍ അതിജീവിതയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസില്‍ കുല്‍ദീപിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കുല്‍ദീപിനെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞ് മടങ്ങവെ പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എ യുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിക്കുകയും കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.
Content Highlight: Unnao gang rape case: Delhi High Court freezes life sentence of former BJP leader