ന്യൂദല്‍ഹി: ഉന്നാവോ കേസിലെ കുറ്റവാളിയും മുൻ ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സെന്‍ഗാറിന് തിരിച്ചടി. ജീവപര്യന്തം തടവ് മരവിപ്പിച്ചുകൊണ്ടുള്ള ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ ഇടക്കാല വിധിക്കെതിരായ സി.ബി.ഐയുടെ അപ്പീലിലാണ് നടപടി.
സെന്‍ഗാറിന്റെ ജാമ്യവും കോടതി സ്റ്റേ ചെയ്തു. നാല് ആഴ്ചക്കുള്ളിൽ സെൻഗാർ എതിർവാദം നൽകണമെന്നും നിർദേശമുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
സെന്‍ഗാറിനെ ഒരു പൊതുപ്രവര്‍ത്തകനായി കണക്കാക്കാന്‍ കഴിയില്ലെന്ന ദല്‍ഹി ഹൈക്കോടതി വിധിയില്‍ തെറ്റുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. പോക്‌സോ നിയമത്തില്‍ കുട്ടിയുടെ മേൽ ആധിപത്യമുള്ള വ്യക്തിയാണ് പൊതുപ്രവര്‍ത്തകന്‍. ആ സ്ഥാനം ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും മേത്ത ചൂണ്ടിക്കാട്ടി.
തികച്ചും സാങ്കേതികയെ അടിസ്ഥാനമാക്കിയാണ് ദല്‍ഹി ഹൈക്കോടതി സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചത്. ബലാത്സംഗക്കേസില്‍ ശിക്ഷ മരവിപ്പിച്ചെങ്കിലും അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ സെന്‍ഗാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.
2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ മടിച്ചതും പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും വലിയ വാര്‍ത്തയായിരുന്നു.
പിന്നീട് റായ്ബറേലിയില്‍ നടന്ന ഒരു വാഹനാപകടത്തില്‍ അതിജീവിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസില്‍ കുല്‍ദീപിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ കുല്‍ദീപിനെ പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പി പുറത്താക്കി.
കേസ് അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Content Highlight: Unnao case; Setback for Sengar, Supreme Court stays Delhi High Court order