| Saturday, 18th July 2026, 9:46 pm

മമ്മൂക്കയുടെ നാഷണല്‍ അവാര്‍ഡിനിടക്ക് ചാക്കോച്ചന്റെ ഈ പെര്‍ഫോമന്‍സ് മുക്കിക്കളയല്ലേ, വീണ്ടും ഞെട്ടിക്കാനൊരുങ്ങി കുഞ്ചാക്കോ ബോബന്‍

അമര്‍നാഥ് എം.

കൈയെത്തും ദൂരത്ത് പലപ്പോഴും നഷ്ടപ്പെട്ട ദേശീയ അവാര്‍ഡ് ഇത്തവണ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. ഭ്രമയുഗത്തിലെ പ്രകടനമാണ് നാലാമത് ദേശീയ അവാര്‍ഡിന് മമ്മൂട്ടിയെ അര്‍ഹനാക്കിയത്. തിയേറ്ററില്‍ ഗംഭീരവിജയം സ്വന്തമാക്കിയ ഭ്രമയുഗം അന്താരാഷ്ട്രതലത്തിലും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു.

12 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ഒരു ദേശീയ അവാര്‍ഡ് എത്തിയതിന്റെ ആഘോഷത്തിലാണ് സിനിമാലോകം. രാഷ്ട്രീയ- സിനിമാമേഖലയിലെ പലരും മമ്മൂട്ടിയുടെ നേട്ടത്തെ ആഘോഷമാക്കുകയാണ്. എന്നാല്‍ മമ്മൂട്ടിയുടെ അവാര്‍ഡ് നേട്ടത്തിനിടെ ശ്രദ്ധ നേടാതെ പോകുന്ന ഒന്ന് സിനിമാപേജുകളില്‍ ചര്‍ച്ചയാവുകയാണ്.

ഉന്മാദം Photo: Screen grab/ T Series Malayalam

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഉന്മാദം സിനിമയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഷാഹി കബീറിന്റെ തിരക്കഥയില്‍ നവാഗതനായ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ഉന്മാദത്തിന്റെ ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഭയം കാരണം പല പൊലീസുകാരും തൊടാന്‍ മടിക്കുന്ന ഒരു കേസ് ഏറ്റെടുക്കുന്ന നായകന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഉന്മാദത്തിന്റെ കഥ.

ട്രെയ്‌ലറിലുടനീളം തന്റെ പ്രകടനം കൊണ്ട് കുഞ്ചാക്കോ ബോബന്‍ ഞെട്ടിച്ചിട്ടുണ്ട്. ഒരേസമയം സത്യമറിയാന്‍ ആഗ്രഹിക്കുകയും അതിനൊപ്പം ഭയപ്പെടുകയും ചെയ്യുന്ന പൊലീസുകാരനായി കുഞ്ചാക്കോ ബോബന്‍ ഭംഗിയായി പകര്‍ന്നാടിയിട്ടുണ്ടെന്ന് ട്രെയ്‌ലറില്‍ വ്യക്തമാണ്. ഓരോ സിനിമയും തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്നതാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ഉന്മാദം Photo: Screen grab/ T Series Malayalam

ഈ വര്‍ഷം ചാക്കോച്ചന്റേതായി പുറത്തിറങ്ങിയ ഒരു ദുരൂഹ സാഹചര്യത്തിലും താരം ഞെട്ടിച്ചിട്ടുണ്ട്. സേതു എന്ന കഥാപാത്രമായി ഓരേ സീനിലും പകരം വെക്കാനില്ലാത്ത പെര്‍ഫോമന്‍സായിരുന്നു കുഞ്ചാക്കോ ബോബന്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ഉന്മാദത്തിലും താരം ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ഇന്‍വെസ്റ്റിഗേഷന്‍- സൈക്കോളജിക്കല്‍- ഹൊറര്‍ ഴോണറുകള്‍ കൃത്യമായി ബ്ലെന്‍ഡ് ചെയ്ത ചിത്രം കൂടിയാണ് ഉന്മാദമെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു.

ലിജോമോള്‍ ജോസാണ് ചിത്രത്തിലെ നായിക. കൃഷ്ണപ്രഭ, വിനീത് തട്ടില്‍, കോട്ടയം നസീര്‍, സാബുമോന്‍, സുധീഷ് തുടങ്ങിയരും ചിത്രത്തിന്റെ ഭാഗമാണ്. ബോളിവുഡ് വമ്പന്മാരായ പനോരമ സ്റ്റുഡിയോസും ടി സീരീസും ചേര്‍ന്നാണ് ഉന്മാദം നിര്‍മിച്ചിരിക്കുന്നത്. ജൂലൈ 30ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Content Highlight: Unmadham movie trailer out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more