പൊലീസ് ചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ ഷാഹി കബീർ എന്ന പേര് ഓര്മ വരും വിധം അയാൾ തൻറെ പേര് മലയാള സിനിമയിൽ അടയാളപ്പെടുത്തിക്കഴിഞ്ഞതാണ്. നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ സിനിമകൾക് ശേഷം ഷാഹി കബീറിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിൽ എത്തിയ ഉന്മാദം, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരെയും ഉന്മാദത്തിൽ ആക്കുന്നു.
നവാഗതനായ കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം, സാധാരണ പൊലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു സൈക്കോളജിക്കൽ ഹൊറർ ഇമ്പാക്ട് ആണ് പ്രേക്ഷകന് നൽകുന്നത്.
കുഞ്ചാക്കോ ബോബൻ. ഷാഹി കബീർ. Photo: News 18 Malayalam
സിനിമ സ്വപ്നം കാണുന്ന കുഞ്ചാക്കോ ബോബന്റെ ഷെല്ലി എന്ന പൊലീസ് കഥാപാത്രം ജോലിയിലും കുടുംബ ജീവിതത്തിലും നേരിടുന്ന പ്രതിസന്ധികളും അതിന്മൂലമുള്ള മാനസിക ബുദ്ധിമുട്ടുകളുമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പൊലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രത്തിനുമപ്പുറം ശക്തമായ ഒരു ദാമ്പത്യജീവിതവും സിനിമ സംസാരിക്കുന്നു. ഷെല്ലിയുടെ ഭാര്യയായ ലിജോമോൾ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്.
സിനിമയുടെ എഴുത്തിനായി ലീവ് എടുത്ത ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കുന്ന ഷെല്ലി പണിഷ്‌മെന്റ്റ് ട്രാൻഫറായി കോങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തുന്നു. തുടർന്ന് ആരും തൊടാൻ ഭയപ്പെടുന്ന ഒരു കേസ് ഫയൽ തൊടുന്നിടത്താണ് ഉന്മാദം ആരംഭിക്കുന്നത്.
ആ ഫയൽ തൊട്ടാൽ സ്റ്റേഷനിൽ സമാനമായ കേസുകൾ സംഭവിക്കുമെന്നും, ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ രക്തം പുരളുമെന്നുമാണ് വിശ്വാസം. ആ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് ഫയലിൽ തൊട്ടവർക്കൊക്കെ അപകടങ്ങൾ സംഭവിച്ചതായും ഉദ്യോഗസ്ഥർ ഷെല്ലിയോട് പറയുന്നു. പിന്നീട് ആ ഫയലുമായി ബന്ധപ്പെട്ട് ഷെല്ലിക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് കഥയെ മുന്നോട്ടുനയിക്കുന്നത് .
ലിജോമോൾ ജോസ്. ഉന്മാദം. Photo : Screengrab/ Youtube
ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഷെല്ലിയുടെ കുടുംബം. കുഞ്ചാക്കോബോബന്റെ ഷെല്ലി എന്ന കഥാപാത്രം കടന്നുപോകുന്ന എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അയാളെ ചേർത്തുനിർത്തുന്നത് ഭാര്യയായ സൗമ്യയാണ്. സൗമ്യയെ അവതരിപ്പിച്ച ലിജോമോളുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. ഷെല്ലിയായി കുഞ്ചാക്കോബോബൻ പകർന്നാടുമ്പോൾ അതിനൊപ്പം തന്നെ സൗമ്യ എന്ന കഥാപാത്രത്തെ അതി തീവ്രമായി തന്നെ അവതരിപ്പിക്കാൻ ലിജോമോൾക് സാധിച്ചിട്ടുണ്ട്.
സിനിമയുടെ ഓരോ ഘട്ടങ്ങളിലും ഒരു ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്യാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. മാത്രമല്ല സിനിമയുടെ പലഘട്ടങ്ങയിലായി സിനിമയുടെ ഴോണറുകൾ ഷിഫ്റ്റ് ആവുന്നതും കാണാം. തുടക്കത്തിൽ ഒരു ഫാമിലിഡ്രാമയിൽ തുടങ്ങി, പിന്നീട് ഒരു ഇൻവെസ്റ്റിഗേഷൻ മൂഡിൽ എത്തി, ശേഷം മിസ്റ്ററി ഹൊറർ മൂഡിലേക് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഷെല്ലി നേരിടുന്ന മാനസിക പ്രതിസന്ധികളെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകനും എഴുത്തുകാരനും സാധിച്ചിട്ടുണ്ട്.
ഉന്മാദം. Photo : Screengrab/ Youtube
ചിത്രത്തിലുടനീളം സിനിമ സ്വപ്നം കാണുന്ന ഷെല്ലി എന്ന കഥാപാത്രത്തിൽ എഴുത്തുകാരനായ ഷാഹി കബീറിനെ തന്നെ കാണാൻ സാധിക്കും. തന്റെ പൊലീസ് ജീവിതത്തിലെ അനുഭവങ്ങളാണ് തന്റെ സിനിമകൾക്കുള്ള പ്രചോദനം എന്ന് ഷാഹി മുമ്പ് പറഞ്ഞിട്ടുണ്ട്.
അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടൊപ്പം തന്നെ എടുത്തുപറയേണ്ട ഒന്നാണ് ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും. സംവിധായകൻ കിരൺ ദാസും ജിതിൻ ജോണും ചേർന്നാണ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ വൈകാരികതലങ്ങളെ കൃത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മുജീബ് മജീദിന്റെ പശ്ചാത്തലസംഗീതത്തിന് സാധിച്ചു.
ഷെല്ലിയുടെ മാനസികാവസ്ഥ കാഴ്ചക്കാർക്ക് അതെ തീവ്രതയോടെ അനുഭവപ്പെടുത്താൻ അർജുൻ സേതുവിൻറെ സിനിമാറ്റോഗ്രാഫിക്കും കഴിഞ്ഞിട്ടുണ്ട്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഷാഹി കബീറിന്റെ എഴുത്തിൽ മറ്റൊരു മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് ഉന്മാദം സമ്മാനിക്കുന്നത്.
Content Highlight: Unmadham Movie Review