| Saturday, 22nd August 2026, 12:03 pm

റീനുവിനെപ്പോലെയല്ല ആഷ്‌ലി, ആദ്യത്തെ രണ്ട് മൂന്ന് ദിവസം കഥാപാത്രത്തിന്റെ മീറ്റര്‍ പിടിക്കാന്‍ പാടുപെട്ടു: മമിത ബൈജു

ആര്യ.പി

കരിയറിലെ ഏറ്റവും പീക്ക് ടൈമില്‍ നില്‍ക്കുകയാണ് നടി മമിത ബൈജു. കൈ നിറയെ ചിത്രങ്ങള്‍ ലഭിക്കുന്നു എന്നത് മാത്രമല്ല ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാവുക എന്നത് കൂടി ഒരു താരത്തെ സംബന്ധിച്ച് പ്രധാനമാണ്.

അത്തരത്തില്‍ മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി സിനിമയിലെ യാത്ര ഗംഭീരമാക്കുകയാണ് താരം. തമിഴില്‍ വിജയ്‌ക്കൊപ്പം ചെയ്ത ജനനായകനും സൂര്യയ്‌ക്കൊപ്പം ചെയ്ത വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും മലയാളത്തില്‍ നിവിനൊപ്പം എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റും ഹിറ്റടിച്ചതോടെ താരത്തിന്റെ സിനിമാ സെലക്ഷനും ഓരോ കഥാപാത്രത്തിലും കൊണ്ടുവരുന്ന വ്യത്യസ്തതയുമൊക്കെ ചര്‍ച്ചയായി കഴിഞ്ഞു.

മമിതയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച പ്രേമലു എന്ന ചിത്രം സമ്മാനിച്ച സംവിധായകന്‍ ഗിരീഷ് എ.ഡിക്കൊപ്പം വരുന്ന അടുത്ത പടമെന്ന പ്രത്യേകത കൂടി ബെത്‌ലഹേം കുടുംബ യൂണിറ്റിനുണ്ട്. റീനു എന്ന കഥാപാത്രത്തിന് ലഭിച്ച അതേ സ്വീകാര്യത ആഷ്‌ലിക്കും പ്രേക്ഷകരില്‍ നിന്നും ലഭിക്കുകയാണ്.

പ്രേമലുവിലെ റീനുവില്‍ നിന്നും ആഷ്‌ലി എന്ന കഥാപാത്രം എത്രത്തോളം മാറി നില്‍ക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമിത. ഭാവന സ്റ്റുഡിയോസില്‍ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് ദിലീഷ് പോത്തന്റെ ഈ ചോദ്യത്തിന് താരം മറുപടി നല്‍കുന്നത്.

മമിത ബൈജു. Photo: Trailer Screengrab/youtube

ആദ്യത്തെ രണ്ട് മൂന്ന് ദിവസം കഥാപാത്രത്തിന്റെ മീറ്റര്‍ പിടിക്കാന്‍ താന്‍ കുറച്ചുപാടുപെട്ടെന്നും പക്ഷേ ഗിരീഷ് എ.ഡി അതിലേക്ക് കൊണ്ടുവരികയായിരുന്നെന്നും മമിത പറയുന്നുണ്ട്.

‘ ആഷ്‌ലി എന്ന് പറയുന്ന കഥാപാത്രം ഞാനൊക്കെ സ്ഥിരമായി കണ്ടുപോകുന്ന ഒരു നാട്ടിന്‍പുറം കോളേജ് ഗേള്‍ ആണ്. ഭയങ്കര നോര്‍മലായിട്ടുള്ള പെണ്‍കുട്ടി. പക്ഷേ പെര്‍ഫോം ചെയ്യാനാണെങ്കില്‍ ആദ്യത്തെ രണ്ടുമൂന്ന് ദിവസം ഇതിന്റെ മീറ്റര്‍ പിടിക്കാന്‍ കുറച്ച് പാടുപെട്ടു. പക്ഷേ ഗിരീഷേട്ടന്‍ കറക്ടായിട്ട് മീറ്ററിലേക്ക് കൊണ്ടുവന്നപ്പോള്‍ ഓക്കെ ആയി.

ഒരു സീനില്‍ എന്തൊക്കെ വേണോ അതൊക്കെ അതുപോലെ സ്‌ക്രിപ്റ്റില്‍ എഴുതുന്ന ആളാണ് ഗിരീഷേട്ടന്‍. സൂപ്പര്‍ശരണ്യയുടെ ഓഡിഷന്റെ സമയത്ത് സ്‌ക്രിപ്റ്റ് നമ്മള്‍ പിള്ളേര്‍ എല്ലാവരും കൂടി ഇരുന്നാണ് വായിക്കുന്നത്. അതില്‍ ഓരോ റിയാക്ഷനുകള്‍ ഉള്‍പ്പെടെ സീനുകളില്‍ കറക്ടായി ഉണ്ടായിരുന്നു.

നിവിൻ പോളി. മമിത ബൈജു. Photo: Mamitha baiju/ Nivin pauly/ Insagram

അതില്‍ തന്നെ നമ്മുടെ ഇംപ്രൈവസേഷന് പുള്ളി ഓപ്പണാണ്. ഒരു വ്യക്തി എന്ന നിലയില്‍ അന്നത്തെ ഗിരീഷേട്ടന്‍ തന്നെയാണ് ഇന്നും. ഞാന്‍ സൂപ്പര്‍ശരണ്യയില്‍ കാണുന്ന അതുപോലെ തന്നെയാണ്. ഫിലിം മേക്കര്‍ എന്ന നിലയില്‍ തീര്‍ച്ചയായും അദ്ദേഹം ഇവോള്‍വ് ചെയ്തുകൊണ്ടിരിക്കുകയാണ്,’ മമിത പറഞ്ഞു.

നടിയെന്ന നിലയില്‍ സൂപ്പര്‍ശരണ്യയില്‍ നിന്നും പ്രേമലുവില്‍ എത്തുമ്പോഴേക്ക് തന്നെ മമിത ചേഞ്ച് ആയിരുന്നെന്നും ബെത്‌ലഹേമിലേക്ക് വന്നപ്പോള്‍ അത് ഒന്നുകൂടി അടിപൊളിയായെന്നായിരുന്നു ഗിരീഷ് എ.ഡി പറഞ്ഞത്.

Content Highlight: Unlike Rinu, Ashley wasn’t like that; I struggled for the first two or three days to get the meter of the character

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more