| Tuesday, 9th December 2025, 8:47 am

ചട്ടവിരുദ്ധ നടപടി; സര്‍വേ ഫലം പ്രസിദ്ധീകരിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ. തെരഞ്ഞെടുപ്പ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ശ്രീലേഖയുടെ ചട്ടവിരുദ്ധ നീക്കം.

ഇന്ന് (ചൊവ്വ) രാവിലെ ഫേസ്ബുക്കിലാണ് ശ്രീലേഖ തെരഞ്ഞെടുപ്പ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്. ‘ജനഹിതം… ഇതങ്ങനെയാവട്ടെ!’ എന്ന കുറിപ്പോട് കൂടിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റ്. എന്നാല്‍ പോളിങ് കഴിയുന്നത് വരെ സര്‍വേ ഫലം പ്രസിദ്ധീകരിക്കരുതെന്നാണ് ചട്ടം.

എന്‍.ഡി.എയ്ക്ക് അനുകൂലമായ സര്‍വേ ഫലമാണ് ശ്രീലേഖ പ്രസിദ്ധീകരിച്ചരിക്കുന്നത്. C4Presurveyയുടെ സര്‍വേയാണ് ശ്രീലേഖ പങ്കുവെച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 60 മുതല്‍ 65 സീറ്റ് വരെ എന്‍.ഡി.എ നേടുമെന്നാണ് സര്‍വേ അവകാശപ്പെടുന്നത്.

എല്‍.ഡി.എഫ് 28 മുതല്‍ 35 വരെ സീറ്റ് നേടുമെന്നും യു.ഡി.എഫ് എട്ട് സീറ്റിലേക്ക് ഒതുങ്ങുമെന്നും ഇത് അവകാശപ്പെടുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ പേരിനൊപ്പം ഐ.പി.എസ് ഉപയോഗിച്ചതിനെ തുടര്‍ന്നും ശ്രീലേഖ വിവാദത്തിലായിരുന്നു. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ ‘ഐ.പി.എസ്’ പദവി ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു.

പ്രചാരണ ബോര്‍ഡുകളില്‍ നിന്നും ഈ പദം ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പോസ്റ്ററുകളില്‍ ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം ചേര്‍ത്തിരുന്ന ഐ.പി.എസ് എന്നത് കമ്മീഷന്‍ തന്നെ മായ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ബാക്കിയിടങ്ങളിലെ പോസ്റ്ററുകളില്‍ റിട്ടയേഡ് എന്ന് ചേര്‍ക്കുകയുമുണ്ടായി.

തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ആര്‍. ശ്രീലേഖ. മേയര്‍ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്ന പേരും ശ്രീലേഖയുടെതാണ്.

Content Highlight: Unlawful action; BJP candidate R. Sreelekha publishes survey results

We use cookies to give you the best possible experience. Learn more