ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് ഇനിയും എണ്ണ വാങ്ങിയാല്‍ രാജ്യത്തിന് മേലുള്ള താരിഫ് വര്‍ധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യന്‍ സര്‍ക്കാര്‍. രാജ്യത്തെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
ദേശീയ താത്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. ഉക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയെ യു.എസും യൂറോപ്യന്‍ യൂണിയനും ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് ഇന്ത്യ വിമര്‍ശിച്ചു.
‘വാസ്തവത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പരമ്പരാഗത വിതരണങ്ങള്‍ യൂറോപ്പിലേക്ക് വഴിതിരിച്ചു വിട്ടതിനാലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്,’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ആ സമയത്ത് ഇന്ത്യയില്‍ നിന്നുള്ള അത്തരം ഇറക്കുമതികളെ ആഗോള ഊര്‍ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി അമേരിക്ക സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ യു.എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഇരട്ടത്താപ്പിനെതിരെയാണ് ഇന്ത്യ സംസാരിച്ചത്.
ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ തന്നെ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഇന്ത്യ വിമര്‍ശിച്ചു. അമേരിക്കയെ സംബന്ധിച്ചിടത്തോളം, ആണവ വ്യവസായത്തിനായി റഷ്യയില്‍ നിന്ന് യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, വൈദ്യുത വ്യവസായത്തിനുള്ള പല്ലേഡിയം, രാസവളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് തുടരുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയെ ലക്ഷ്യമിടുന്നത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് ഇന്ത്യ വിമര്‍ശിച്ചത്.
‘ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുക മാത്രമല്ല ചെയ്യുന്നത്, അത് തുറന്ന വിപണിയില്‍ വലിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു,’ ഇന്നലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയിരുന്നു.
ഇതിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിദേശകാര്യ മന്ത്രാലയം പ്രതികരണവുമായി എത്തുകയായിരുന്നു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേല്‍ പിഴ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പിഴ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ് 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇപ്പോള്‍ ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി പോസ്റ്റില്‍ 25 ശതമാനത്തിലധികം തീരുവ ഉയര്‍ത്തുമെന്നാണ് പറയുന്നത്.
Content Highlight: ‘unjustifiable’ India opposes double standards of US and EU