ചിക്കാഗോ: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ വിജയം സുനിശ്ചിതമാണെന്നും, യുദ്ധാവസാനത്തോടെ ഉക്രെയ്ന്‍ ഒരു പ്രവര്‍ത്തനരഹിതമായ, കേവലം അവശേഷിപ്പ് രാജ്യമായി മാറാന്‍ സാധ്യതയുണ്ടെന്നും പ്രമുഖ അന്താരാഷ്ട്ര കാര്യ വിദഗ്ധനും ചിക്കാഗോ സര്‍വകലാശാല പ്രൊഫസറുമായ ജോണ്‍ മിയര്‍ഷൈമര്‍.
ഡാനിയല്‍ ഡേവിസ് ഡീപ്പ് ഡൈവ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് അദ്ദേഹം തന്റെ വാദങ്ങള്‍ മുമ്പോട്ട് വെച്ചത്.
ഉക്രൈന്‍ സേന നേരിടുന്ന രൂക്ഷമായ സൈനിക ക്ഷാമവും റഷ്യയുടെ ശക്തമായ വ്യോമാധിപത്യവുമാണ് ഈ അവസ്ഥയ്ക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ആവശ്യത്തിന് സൈനികരില്ലാത്തതാണ് യുദ്ധഭൂമിയില്‍ ഉക്രെയ്ന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനൊപ്പം റഷ്യയുടെ കനത്ത വ്യോമാക്രമണങ്ങളും ചേര്‍ന്ന് ഉക്രെയ്‌നിന്റെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് മിയര്‍ഷൈമര്‍ വാദിക്കുന്നു.
‘റഷ്യക്കാര്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ പോകുകയാണ്. ഉക്രെയ്ന്‍ പ്രവര്‍ത്തനരഹിതമായ ഒരു അവശേഷിപ്പ് രാജ്യമായി ഇതില്‍ നിന്ന് പുറത്തുവരും,’ ജോണ്‍ മിയര്‍ഷൈമര്‍ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന അത്യാധുനിക ആയുധങ്ങള്‍ക്കൊന്നും തന്നെ യുദ്ധത്തിന്റെ നിലവിലെ ഗതി മാറ്റാന്‍ കഴിയില്ലെന്ന് മിയര്‍ഷൈമര്‍ വാദിക്കുന്നു. കീവ് തുടര്‍ച്ചയായി ആവശ്യപ്പെടുന്ന പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് റഷ്യന്‍ ആക്രമണങ്ങളെ തടയാന്‍ പരിമിതികളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ഉക്രൈനിലെ ഏത് ലക്ഷ്യസ്ഥാനത്തും ആക്രമണം നടത്താന്‍ റഷ്യക്ക് സാധിക്കുന്നുണ്ടെന്നും അവയെ പൂര്‍ണമായി ചെറുക്കാന്‍ ഉക്രൈന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘റഷ്യന്‍ മിസൈലുകളെയോ ഡ്രോണുകളെയോ തടയാന്‍ പേട്രിയറ്റ് മിസൈലുകള്‍ക്കോ മറ്റേതെങ്കിലും തരത്തിലുള്ള മിസൈലുകള്‍ക്കോ കഴിയുമെന്ന് അവര്‍ ഭയപ്പെടേണ്ടതില്ല. ഉക്രെയ്‌നിലെ ഏത് ലക്ഷ്യവും ആക്രമിക്കാന്‍ റഷ്യക്കാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രൈന്റെ പ്രധാന ധാന്യ-ഗോതമ്പ് കയറ്റുമതി കേന്ദ്രമായ ഒഡേസ തുറമുഖത്തിന് നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒഡേസയെ റഷ്യ ഫലപ്രദമായി ഒറ്റപ്പെടുത്തിയെന്നും തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം ഇവിടേക്കുള്ള കപ്പല്‍ ഗതാഗതം നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനോടകം തന്നെ നിരവധി ഇന്ധന ഡിപ്പോകളും തുറമുഖ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കപ്പെട്ടതോടെ, മെയ്സ്‌ക് പോലുള്ള പ്രമുഖ ആഗോള ഷിപ്പിങ് കമ്പനികള്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് യൂറേഷ്യ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഉക്രൈനിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും മിയര്‍ഷൈമര്‍ കരുതുന്നു. ലോകശ്രദ്ധയും വിഭവങ്ങളും പശ്ചിമേഷ്യയിലേക്ക് തിരിയുന്നതോടെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും ഉക്രെയ്‌നിന് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക-സൈനിക സഹായങ്ങളില്‍ വലിയ കുറവുണ്ടായേക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ഇറാനിലെ സംഭവവികാസങ്ങളും യുദ്ധഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളും ഉക്രൈനിന് കൂടുതല്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: University of Chicago Professor John Mearsheimer states that a Russian victory in the Russia-Ukraine war is certain.