| Thursday, 1st October 2026, 12:57 pm

യൂണിവേഴ്സിറ്റി ഹോസ്റ്റൽ അതിക്രമം: യൂത്ത് കോൺഗ്രസ് അഴിഞ്ഞാട്ടത്തിന് മന്ത്രി ജനീഷിന്റെ മൗനാനുവാദം; അന്വേഷണം വേണമെന്ന് വി. ശിവൻകുട്ടി

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: തലസ്ഥാനത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രമം യൂത്ത് കോൺഗ്രസും പൊലീസും ഒത്തുചേർന്ന് നടത്തിയ ആസൂത്രിത അക്രമമാണെന്ന് സി.പി.ഐ.എം നേതാവ് വി. ശിവൻകുട്ടി.

യൂണിവേഴ്സിറ്റി കോളേജിനെയും ഹോസ്റ്റലിനെയും തകർക്കുക എന്നത് കോൺഗ്രസിന്റെ എക്കാലത്തെയും അജണ്ടയാണെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് യൂണിവേഴ്സിറ്റി കോളേജിലെ ഡിഗ്രി കോഴ്സുകൾ കാര്യവട്ടത്തേക്ക് മാറ്റി സ്ഥാപനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതാണ്. പിന്നീട് ഇ.കെ. നായനാർ മുഖ്യമന്ത്രിയായി വന്നപ്പോഴാണ് ആ തീരുമാനം റദ്ദാക്കി കോളേജിന്റെ പദവി പുനസ്ഥാപിച്ചത്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ എന്ന പേര് കേൾക്കുന്നത് പോലും കോൺഗ്രസിന് അലർജിയാണെന്നും അദ്ദേഹം വിമർശിച്ചു.

മന്ത്രി ജനീഷിന്റെ നേതൃത്വത്തിൽ നടന്ന പന്തംകൊളുത്തി പ്രകടനമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. പ്രകടനം ഹോസ്റ്റലിന് മുന്നിലെത്തിയപ്പോൾ കറന്റ് പോവുകയും സ്വാഭാവികമായി വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാവുകയുമായിരുന്നു. പ്രകടനത്തിൽ പങ്കെടുത്തവർ കയ്യിലിരുന്ന പന്തങ്ങൾ ഹോസ്റ്റലിനകത്തേക്ക് വലിച്ചെറിഞ്ഞു. വിദ്യാർത്ഥികൾ സമയോചിതമായി ഇടപെട്ട് തീയണച്ചതുകൊണ്ടാണ് ഹോസ്റ്റൽ പൂർണമായി കത്തിനശിക്കാതിരുന്നത്. മന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഈ അക്രമങ്ങളെല്ലാം നടന്നത്. അതിനാൽ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മന്ത്രിക്കാണെന്നും ഇതിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹോസ്റ്റലിനകത്ത് അതിക്രമം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. വാർഡന്റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെ ചട്ടങ്ങൾ ലംഘിച്ചാണ് പൊലീസ് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ തല്ലിച്ചതച്ചത്. യുദ്ധരംഗത്തുപോലും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാറുണ്ട്. എന്നാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരായവർ ഉൾപ്പെടെ രണ്ട് ഡസനോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെയും യൂത്ത് കോൺഗ്രസുകാർ തടഞ്ഞു. ഈ ഘട്ടത്തിലും പൊലീസ് ഒരു നടപടിയും എടുത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ഷാജി, ജനീഷ് എന്നീ രണ്ട് മന്ത്രിമാരാണ് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുന്നതെന്നും ഒരു മന്ത്രിയെ ഔദ്യോഗിക കാറിൽ നിന്ന് ഇറക്കിവിട്ട് ഓട്ടോറിക്ഷയിൽ കയറ്റിവിടുന്നതുപോലുള്ള വിചിത്ര സംഭവങ്ങളാണ് സർക്കാരിന്റെ നേട്ടങ്ങളെന്നും അദ്ദേഹം പരിഹസിച്ചു.

ക്യാമ്പസുകളിൽ നിരന്തരം വിജയിക്കുന്നതാണ് എസ്.എഫ്.ഐയെ സർക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റുന്നത്. സ്കൂളുകളിലെ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമം നടക്കുന്നുണ്ട്. താൻ മന്ത്രിയായിരുന്ന കാലത്ത് സ്കൂൾ തെരഞ്ഞെടുപ്പ് നിർത്തലാക്കണമെന്ന ഫയൽ വന്നപ്പോൾ, വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്താനായി അത് തള്ളിക്കളയുകയായിരുന്നുവെന്ന് ശിവൻകുട്ടി ഓർമിപ്പിച്ചു.

ദൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സുപ്രീം കോടതി സ്വീകരിച്ച ഇടപെടലുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദ്യാർത്ഥികൾക്കെതിരെ കള്ളക്കേസെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പും നൽകി. തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ എടുക്കുന്ന 75 ശതമാനം കേസുകളും വധശ്രമത്തിനുള്ള വ്യാജ കേസുകളാണ്. സർക്കാരിനെയും കോൺഗ്രസിനെയും പ്രീതിപ്പെടുത്താൻ കള്ളക്കേസ് ചാർജ് ചെയ്ത് ഒപ്പിട്ടു കൊടുക്കുന്ന ഉദ്യോഗസ്ഥർ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഇതിനെതിരെ ശക്തമായ നിയമപരവും രാഷ്ട്രീയവുമായ നടപടികൾ സ്വീകരിക്കുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

Content Highlight:University Hostel Violence: Minister Jeneesh’s Tacit Approval for Youth Congress Rampage; V. Sivankutty Demands Probe.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more