വാഷിങ്ടണ്‍: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാരില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ ഇരട്ടിയായതായി റിപ്പോര്‍ട്ട്. 2021 മുതല്‍ യു.എസിലെ മുതിര്‍ന്നവര്‍ക്ക് കൃത്യമായി ഭക്ഷണവും മറ്റു പോഷകഘടകങ്ങളും ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മെയ് മാസത്തിൽ യു.എസിലെ മുതിര്‍ന്ന പൗരന്മാരില്‍ 15.6 ശതമാനം പേര്‍ക്കും ഭക്ഷ്യസുരക്ഷയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് 2021ല്‍ രേഖപ്പെടുത്തിയ നിരക്കിനേക്കാള്‍ ഇരട്ടിയാണ്. മോര്‍ണിങ് കണ്‍സള്‍ട്ടിന്റെ ഡാറ്റ ഉദ്ധരിച്ച് ആക്‌സിയോസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
‘വാള്‍സ്ട്രീറ്റിലെ റെക്കോര്‍ഡ് വര്‍ധനവിനും ഭക്ഷ്യ സുരക്ഷയുടെ നിലവാരത്തിനും ഇടയില്‍ വലിയ വിടവ് രൂപപ്പെട്ടിട്ടുണ്ട്,’ മോര്‍ണിങ് കണ്‍സള്‍ട്ടിലെ ചീഫ് ഇക്കണോമിസ്റ്റായ ജോണ്‍ ലീര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വര്‍ധിച്ച തൊഴില്‍ ആവശ്യകത പ്രതിമാസത്തില്‍ ശരാശരി 3.2 ദശലക്ഷം ആളുകളെ ഭക്ഷ്യപ്രതിസന്ധിയില്‍ എത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
4.5 ട്രില്യണ്‍ യു.എസ് ഡോളറിന്റെ നികുതി ഇളവുകളും ചെലവ് ചുരുക്കലുകളും ഉള്‍ക്കൊള്ളുന്ന ട്രംപിന്റെ വിവാദ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍’ ബില്ലിന് യു.എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് അമേരിക്കയിലെ ഭക്ഷ്യപ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
യു.എസിലെ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിലേക്കുള്ള 230 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറക്കാനുള്ള വ്യവസ്ഥയും ഈ ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് കൂടുതലായും ബാധിക്കുക രാജ്യത്തെ 64 വയസ് പൂര്‍ത്തീകരിച്ച മുതിര്‍ന്ന പൗരന്മാരെയാണ്.
കൂടാതെ പ്രസ്തുത ബില്‍ മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെടുമെന്ന് വിമര്‍ശനമുണ്ട്. വിവാദ ബില്ലിന് യു.എസ് കോണ്‍ഗ്രസ് ആംഗീകാരം നല്‍കിയതോടെ മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ ഒന്നാണെന്നാണ് അദ്ദേഹം ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ചത്.
വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുമെന്നും ശതകോടീശ്വരന്മാര്‍ക്ക് വലിയ തോതില്‍ നികുതി ഇളവ് നല്‍കുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും ബൈഡന്‍ എക്‌സില്‍ കുറിക്കുകയായിരുന്നു.
ട്രംപ് മുന്നോട്ടുവെച്ച ബില്ലിനെ ഒരു ഡെറ്റ് സ്ലേവറി ബില്‍ (Debt Slavery Bill ) എന്ന് വിമര്‍ശിച്ച് ട്രംപ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍ തലവനും ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക്കും രംഗത്തെത്തിയിരുന്നു. ബില്‍ നിയമമായാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്ന മസ്‌ക്, യു.എസ് കോണ്‍ഗ്രസിന്റെ നടപടിക്ക് പിന്നാലെ അമേരിക്കന്‍ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.
Content Highlight: Food insecurity among U.S. adults has doubled in four years