| Friday, 11th September 2026, 1:33 pm

ക്യൂബന്‍ മെഡിക്കല്‍ സംഘത്തെ പുറത്താക്കിയില്ലെങ്കില്‍ ഉപരോധം ചുമത്തും: ഉറുഗ്വേയോട് യു.എസ്

റെന്വര്‍ പി

മോണ്ടെവീഡിയോ: ഉറുഗ്വേയില്‍ നിന്ന് ക്യൂബന്‍ മെഡിക്കല്‍ ബ്രിഗേഡിനെ പുറത്താക്കണമെന്ന് യു.എസ്. ക്യൂബന്‍ മെഡിക്കല്‍ ബ്രിഗേഡിന്റെ നേത്ര ചികിത്സാ വിഭാഗത്തിന്റെ സംഘം 2005 മുതല്‍ ഉറുഗ്വേയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ നിര്‍ബന്ധിത തൊഴില്‍ എടുപ്പിക്കുന്നു എന്നാരോപിച്ച് നയതന്ത്ര-സൈനിക ഉപരോധങ്ങള്‍ ചുമത്തുമെന്നും യു.എസ് ഉറുഗ്വേയെ അറിയിച്ചു.

ഉറുഗ്വേയെ ഒരു അന്താരാഷ്ട്ര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് യു.എസ് പോകാന്‍ സാധ്യതയുണ്ടെന്നാണ് ഈ മുന്നറിയിപ്പ് സൂചിപ്പിക്കുന്നതെന്ന് ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഉറുഗ്വേയും അമേരിക്കയുമായുള്ള സൈനിക സഹകരണത്തെയും സാങ്കേതിക സഹായത്തെയും ബാധിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം ഈ വിഷയത്തില്‍ പ്രത്യേക ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഉറുഗ്വേ വിദേശകാര്യ മന്ത്രി മരിയോ ലുബെറ്റ്കിന്‍ വ്യക്തമാക്കി. അതേസമയം ക്യൂബന്‍ ഡോക്ടര്‍മാരുമായി സഹകരിക്കുന്നത് നല്ല രീതിയിലുള്ള അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റ് ടബാരെ വാസ്‌ക്വെസിന്റെ ഭരണകാലത്താണ് ഉറുഗ്വേ ക്യൂബയുമായി ആരോഗ്യ രംഗത്ത് സഹകരിക്കാന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ക്യൂബയും ഉറുഗ്വേയും തമ്മിലുണ്ടാക്കിയ ‘ഓപ്പറേഷന്‍ മിറാക്കിള്‍’ എന്ന കരാര്‍ പ്രകാരമാണ് ഉറഉഗ്വേയില്‍ ക്യൂബന്‍ മെഡിക്കല്‍ ബ്രിഗേഡിന്റെ നേത്രചികിത്സാ വിഭാഗത്തിന്റെ സംഘം പ്രവര്‍ത്തിക്കുന്നത്.

തലസ്ഥാന നഗരമായ മോണ്ടെവീഡിയോയിലെ ഹോസെ മാര്‍ട്ടി ഐ ഹോസ്പിറ്റലിലാണ് മെഡിക്കല്‍ ബ്രിഗേഡ് സംഘമുള്ളത്. ക്യൂബ-ഉറുഗ്വേ സഹകരണ കരാര്‍ പ്രകാരം നിര്‍മിച്ച ആശുപത്രിയാണിത്. 20 പേരാണ് ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രവര്‍ത്തിച്ച് വരുന്നത്.

ക്യൂബക്കെതിരായ യു.എസ് ഉപരോധത്തിനെതിരെ അടുത്തിടെ ഉറുഗ്വേയില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ വാരം ഉറുഗ്വേയിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഫെഡറേഷന്റെ (എഫ്.ഇ.യു.യു) സമ്മേളനത്തിലും ലാറ്റിന്‍ അമേരിക്കന്‍ ഇന്റഗ്രേഷന്‍ അസോസിയേഷന്റെ (എ.എല്‍.എ.ഡി.ഐ) മന്ത്രിതല കൗണ്‍സില്‍ യോഗത്തിലും ഉപരോധത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നു.

എ.എല്‍.എ.ഡി.ഐ യോഗം ക്യൂബക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും യു.എസ് ഉപരോധത്തെ അപലപിക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും നഗ്‌നമായി ലംഘിക്കുന്നതാണ് യു.എസ് ഉപരോധം എന്ന് എ.എല്‍.എ.ഡി.ഐ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു. യു.എസ് ഉപരോഘത്തെ തുടര്‍ന്ന് ക്യൂബക്കുണ്ടായ നഷ്ടങ്ങള്‍ അതി ക്രൂരമാണെന്ന് സംഘടന അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

യു.എസ് ഉപരോധത്തെ യോഗത്തില്‍ പങ്കെടുത്ത ക്യൂബന്‍ പ്രതിനിധി ലിസെറ്റ് പെരസ് അപലപിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഏകോപനം നടപ്പാക്കാനാവുക എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഈ ഉപരോധം അടിയന്തര വൈദ്യതി വിതരണത്തെയും വൈദ്യുതി ആവശ്യമുള്ള ഗതാഗത സംവിധാനങ്ങളെയും ബാധിക്കുന്നു. ഭക്ഷണം, മരുന്ന് എന്നിവയുടെ ക്ഷാമത്തിന് കാരണമാവുന്നു. തുടര്‍ച്ചയായ വൈദ്യുതി മുടക്കം ജനജീവിതത്തെ ശ്വാസംമുട്ടിക്കുകയാണ്. ദൈനംദിന ദുരിതങ്ങളും കുടുംബങ്ങളെ നിരന്തരമായ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ക്യൂബക്കെതിരെ ഈ വര്‍ഷം ജനുവരി മുതലായി യു.എസ് തുടര്‍ച്ചയായ ഉപരോധ, നിയന്ത്രണ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി ഈ മാസം തുടക്കത്തിലും ഏതാനും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ യു.എസ് ഉപരോധം ചുമത്തിയിരുന്നു.

ക്യൂബന്‍ മുന്‍ നേതാവ് റൗള്‍ കാസ്ട്രോയുടെ കൊച്ചുമകന്‍ ഫിഡല്‍ ഏണസ്റ്റോ കാസ്ട്രോ അടക്കമുള്ള വ്യക്തികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും എതിരെയാണ് യു.എസിന്റെ പുതിയ ഉപരോധം.

ഫോറിന്‍ ബാങ്ക് ഓഫ് ക്യൂബ (ബി.ഇ.സി) അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഇതിന്റെ ഭാഗമായി യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ക്യൂബയുടെ പെട്രോളിയം മേഖലയുടെ ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊമേഴ്‌സ്യല്‍ കുപെറ്റ് ആണ് യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയ സ്ഥാപനങ്ങളിലൊന്ന്.

സാങ്കേതിക, വ്യാവസായിക സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ കമ്പനികളെയും യു.എസ് ഉപരോധ പട്ടികയിലുള്‍പ്പെടുത്തി. ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സാങ്കേതിക ഉപകരണങ്ങളും നിക്കല്‍, കൊബാള്‍ട്ട് സംസ്‌കരണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളും ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും യു.എസ് ഉപരോധം ചുമത്തിയിട്ടുണ്ട്.

കാസ്ട്രോ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഓര്‍ഡര്‍ 14404 പ്രകാരമാണ് കാസ്ട്രോ കാലിസിനെ ഒ.എഫ്.എ.സി കരിമ്പട്ടികയില്‍ പെടുത്തിയത്. കാസ്ട്രോ കാലിസിന്റെ സഹോദരന്‍ റൗള്‍ അലജാന്‍ഡ്രോ കാസ്ട്രോക്കെതിരെ ഈ വര്‍ഷം ജൂണ്‍ നാലിന് യു.എസ് സമാന ഉപരോധം ചുമത്തിയിരുന്നു.

Content Highlight: United States Warns Uruguay to Cease Presence of the Cuban Medical Brigade

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more