| Thursday, 7th August 2025, 7:41 pm

കിറ്റെക്‌സിനും തിരിച്ചടി; യു.എസിന്റെ അധിക തീരുവ കയറ്റുമതിയെ ബാധിക്കുമെന്ന് സാബു എം. ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ കിറ്റെക്‌സ് ഗ്രൂപ്പിനും തിരിച്ചടി. അധിക തീരുവ അമേരിക്കയിലേക്കുള്ള തങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിറ്റെക്‌സിന്റെ 91 ശതമാനം കയറ്റുമതിയും യു.എസിലേക്കാണെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഇനി യു.കെയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു. ആന്ധ്രാപ്രദേശില്‍ പുതിയ സംരഭം തുടങ്ങാനുള്ള നീക്കം നീട്ടിവെച്ചുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.

പ്രതിസന്ധിയുണ്ടായാല്‍ പിരിച്ചുവിടലിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും സാബു അറിയിച്ചു. യു.എസിന്റെ നടപടി ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍സ് മേഖലയെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ലിറ്റില്‍ സ്റ്റാര്‍ എന്ന കിറ്റെക്‌സിന്റെ ഉത്പന്നം അമേരിക്കയില്‍ മാത്രം ലഭ്യമാക്കിയിരുന്നതാണ്. കുട്ടികളുടെ വസ്ത്രങ്ങളാണ് ലിറ്റില്‍ സ്റ്റാര്‍ എന്ന ബ്രാന്‍ഡില്‍ വിറ്റിരുന്നത്. ഇനിമുതല്‍ ഇത് ഇന്ത്യയിലും ലഭ്യമാക്കും. ഓണ്‍ലൈന്‍ വഴി ഇന്ത്യയിലെ വിപണി ശക്തിപ്പെടുത്താനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുക,’ സാബു എം. ജേക്കബ് പറഞ്ഞു.

അടുത്തിടെ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, മിന്ത്ര അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലിറ്റില്‍ സ്റ്റാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞിരുന്നു. ശേഷം ഫ്രാഞ്ചൈസി ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

യു.എസും ഇന്ത്യയും തമ്മില്‍ തീരുവ യുദ്ധം ആരംഭിച്ച ഘട്ടത്തിലാണ് കിറ്റെക്‌സ് ഗ്രൂപ്പ് ഈ നിര്‍ണായക തീരുമാനമെടുത്തത്. ഇതിനുപിന്നാലെയാണ് യു.എസുമായുള്ള വ്യാപാരത്തില്‍ കിറ്റെക്‌സ് തിരിച്ചടി നേരിടുന്നത്.

നിലവില്‍ അമേരിക്കയുടെ തീരുമാനത്തെ ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും യു.എസിന്റെ തീരുമാനം ഇന്ത്യയുടെ തൊഴില്‍ മേഖലയെ മോശമായി ബാധിക്കുമെന്നുമാണ് സാബു എം. ജേക്കബ് പറയുന്നത്.

അതേസമയം യു.കെയും ഇന്ത്യയും സ്വതന്ത്ര വ്യാപാരകരാറില്‍ എത്തിയ സാഹചര്യത്തില്‍ കൂടിയാണ് കിറ്റെക്‌സ് ഗ്രൂപ്പ് ബ്രിട്ടനുമായുള്ള വ്യാപാരബന്ധം ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയനുമായി സമാനമായ കരാറുണ്ടായാല്‍ ഇന്ത്യക്ക് തീരുവ ഉണ്ടാകില്ലെന്നും സാബു എം. ജേക്കബ് നേരത്തെ പറഞ്ഞിരുന്നു.

യൂറോപ്യന്‍ യൂണിയനിലേക്ക് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ബംഗ്ലാദേശിന് മേല്‍ നിലവില്‍ തീരുവ ചുമത്തിയിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കിറ്റെക്‌സ് ഗ്രൂപ്പിന്റെ വാദം.

Content Highlight: Kitex also suffers setback; US additional tariffs will affect exports, says Sabu M. Jacob

We use cookies to give you the best possible experience. Learn more