| Thursday, 7th August 2025, 6:25 pm

അധിക തീരുവയ്ക്കുള്ള മറുപടി; താരിഫും യു.എസിനെയും പരാമര്‍ശിക്കാതെ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയ മറുപടിയില്‍ അമേരിക്കയെയും താരിഫിനെയും കുറിച്ച് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദല്‍ഹിയില്‍ നടന്ന എം.എസ്. സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കര്‍ഷകരുടെ താത്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താത്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. വ്യക്തിപരമായി ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് എനിക്കറിയാം. എന്നാല്‍ ഞാന്‍ അതിന് തയ്യാറാണ്,’ പ്രധാനമന്ത്രി സംസാരിച്ചു.

അതേസമയം നിലവില്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയില്‍ പ്രതികരിച്ച പ്രധാനമന്ത്രി യു.എസിനെ കുറിച്ചും ട്രംപിന്റെ നടപടിയെ കുറിച്ചും പരാമര്‍ശിച്ചില്ല. പകരം താന്‍ വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നതെന്ന് പറയാനാണ് മോദി ശ്രമിച്ചത്.

കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇന്ത്യക്ക് നേരെ ഡൊണാള്‍ഡ് ട്രംപ് ഭീഷണി ഉയര്‍ത്തുന്നുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേലുള്ള തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.

ഉക്രൈനിലെ യുദ്ധത്തിനായി റഷ്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലാണ് ഇന്ത്യ വാങ്ങുന്നതെന്നും അത് നിര്‍ത്തിയില്ലെങ്കില്‍ തീരുവ ഉയര്‍ത്തുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ട്രംപിന്റെ ഭീഷണി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇതോടെ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധികം തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഇന്നലെ (ബുധന്‍) ഒപ്പുവെക്കുകയായിരുന്നു. പിന്നാലെ ട്രംപിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

യു.എസ് ലക്ഷ്യം വെച്ചിരിക്കുന്നത് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ആണ്. ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ട്രംപ് ഭീഷണി ഉയര്‍ത്തിയപ്പോഴും അധിക തീരുവയില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിരുന്നില്ല.

Content Highlight: PM’s response to additional tariffs without mentioning tariffs or the US

We use cookies to give you the best possible experience. Learn more