വാഷിങ്ടണ്‍: ഫലസ്തീന്‍ അതോറിറ്റിക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഫലസ്തീന്‍ അതോറിറ്റിക്കും ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏപ്പെടുത്തുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇസ്രഈലിന് നല്‍കുന്ന പിന്തുണയില്‍ യു.എസ് രൂക്ഷമായ വിമര്‍ശനം നേരിടുന്നതിനിടെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉപരോധ നടപടി.
ഫലസ്തീന്‍ അതോറിറ്റിക്ക് പുറമെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്കുമെതിരെയും യു.എസിന്റെ ഉപരോധമുണ്ട്. വിലക്ക് നേരിടുന്നവര്‍ക്ക് യു.എസ് വിസ ലഭിക്കുന്നത് ഇനി തടസപ്പെടുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്നാണ് യു.എസിന്റെ വിശദീകരണം. പി.എല്‍.ഒയും പി.എയെയും പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ദുര്‍ബലപ്പെടുത്തിയെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
1989ലെ പി.എല്‍.ഒ കമ്മിറ്റ്‌മെന്റ്‌സ് കംപ്ലയന്‍സ് ആക്ടും 2002ലെ മിഡില്‍ ഈസ്റ്റ് പീസ് കമ്മിറ്റ്‌മെന്റ്‌സ് ആക്ടും പ്രകാരമുള്ള പ്രതിബദ്ധതകള്‍ ഇരുസംഘടനകളും പാലിക്കുന്നില്ലെന്നും യു.എസ് പ്രസ്താവനയില്‍ ആരോപിച്ചു.
ഫലസ്തീൻ അതോറിറ്റിയും ഫലസ്തീൻ ലിബറേഷനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവ മുഖേന ഇസ്രഈലുമായുള്ള സംഘര്‍ഷം അന്താരാഷ്ട്രവത്കരിക്കാന്‍ ശ്രമിച്ചുവെന്നും യു.എസ് പറയുന്നു.
കൂടാതെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടെ അക്രമത്തെ പ്രേരിപ്പിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്തു, ഫലസ്തീന്‍ ഭീകരര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങിയ ലംഘനങ്ങളുമാണ് പി.എല്‍.ഒയ്ക്കും പി.എയ്ക്കുമെതിരെ യു.എസ് ചുമത്തുന്നത്.
ഇന്ന് (വ്യാഴം) ഫലസ്തീന്‍ അതോറിറ്റി നിര്‍ണായകമായ പരിഷ്‌കാരങ്ങള്‍ നടത്താമെന്ന് വാഗ്ദാനം നല്‍കിയതോടെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ 80മാത് ജനറല്‍ അസംബ്ലിയില്‍വെച്ച് ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിക്കുകയായിരുന്നു.
2026ല്‍ ഫലസ്തീനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് നല്‍കിയിരിക്കുന്ന ഉറപ്പ്. നേരത്തെ ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന തീരുമാനം അറിയിച്ചിരുന്നു.
നിലവില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ തീരുമാനങ്ങളിലേക്ക് ലോകരാഷ്ട്രങ്ങള്‍ കടക്കുമ്പോഴാണ് ഫലസ്തീന്‍ അതോറിറ്റിക്കെതിരായ യു.എസിന്റെ നടപടി.
Content Highlight: US sanctions on Palestinian Authority and palestinian liberation organization