| Tuesday, 27th May 2025, 11:06 pm

അമേരിക്ക പുതിയ സ്റ്റുഡന്റ് വിസ അഭിമുഖങ്ങള്‍ താത്കാലികമായി നിര്‍ത്തി വെക്കുന്നതായി റിപ്പോര്‍ട്ട്; തീരുമാനം സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പരിശോധിക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി യു.എസ് ഭരണകൂടം സ്റ്റുഡന്റ് വിസകള്‍ക്കുള്ള അഭിമുഖങ്ങള്‍ നിര്‍ത്തി വെക്കുന്നതായി റിപ്പോര്‍ട്ട്.

അഭിമുഖങ്ങള്‍ നിര്‍ത്തി വെക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എംബസികള്‍ക്കും കോണ്‍സുലര്‍മാര്‍ക്കും നല്‍കിയതായി അമേരിക്കന്‍ മാധ്യമമായ പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യല്‍ മീഡിയ സ്‌ക്രീനിങ്ങും മറ്റ് പരിശോധനയും വിപുലീകരിക്കുന്നതിനുള്ള ഭാഗമായി സെപ്റ്റംബര്‍ വരെ പുതിയ നിര്‍ദേശം ലഭിക്കുന്നത് വരെ കോണ്‍സുലാര്‍ വിഭാഗങ്ങള്‍ സ്റ്റുഡന്റ് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് വിസിറ്റര്‍ (എഫ്, എം, ജെ) വിസ അപ്പോയിന്റ്‌മെന്റുകള്‍ നല്‍കരുതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സന്ദേശത്തെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.

ഗസയിലെ ഇസ്രഈല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ തന്നെ ട്രംപ് ഭരണകൂടം സോഷ്യല്‍ മീഡിയ സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ അത് സ്റ്റുഡന്റ് വിസകളുടെ പ്രക്രിയകള്‍ വൈകിപ്പിക്കുകയും വിദേശവിദ്യാര്‍ത്ഥികളുടെ ഫണ്ടിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ മറ്റൊരു നിര്‍ദേശവും യു.എസ് മുന്നോട്ട് വെച്ചിരുന്നു. ക്ലാസ് ഉപേക്ഷിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുമെന്നാണ് യു.എസിന്റെ മുന്നറിയിപ്പ്.

ഇന്ത്യയിലെ യു.എസ് എംബസിയാണ് പുതിയ അറിയിപ്പ് പുറത്ത് വിട്ടത്. വിദേശ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ഒഴിവാക്കുകയോ കോഴ്സുകള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് വിസ റദ്ദാക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഇത് ഭാവിയില്‍ യു.എസ് വിസ ലഭിക്കുന്നതിനുള്ള യോഗ്യത നഷ്ടപ്പെടാന്‍ കാരണമാകുമെന്നും വിസയുടെ നിബന്ധനകള്‍ എല്ലായ്പ്പോഴും പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥി സ്റ്റാറ്റസ് നിലനിര്‍ത്തണമെന്നും ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേരെത്തെയും യു.എസ് സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. യു.എസില്‍ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് വിസകളിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

ഒ.പി.ടി ആരംഭിച്ച് 90 ദിവസത്തിനുള്ളില്‍ തൊഴില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ നിയമപരമായ പദവി റദ്ദാക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

Content Highlight: United States pauses new student visa interviews to expand social media vetting

We use cookies to give you the best possible experience. Learn more