ബെയ്റൂട്ട്: ഹിസ്ബുല്ല നിരായുധീകരണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍. ഹിസ്ബുല്ല അടക്കമുള്ള രാജ്യത്തെ മുഴുവന്‍ സംഘടനകളും ആയുധം ഉപേക്ഷിക്കണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് (വ്യാഴം) സൈനിക ദിനത്തോടനുബന്ധിച്ച് ലെബനനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോസഫ് ഔണ്‍.
ഇസ്രഈലിന്റെ ശത്രുത ഉടന്‍ അവസാനിപ്പിക്കുമെന്നും ഔണ്‍ പറഞ്ഞു. ഇസ്രഈലില്‍ തടവിലാക്കപ്പെട്ട ലെബനന്‍ തടവുകാരുടെ മോചനവും ലെബനന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ഇസ്രഈല്‍ സൈന്യത്തിന്റെ പിന്‍വാങ്ങലുമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതുകൊണ്ട് തന്നെ രാജ്യത്തെ മുഴുവന്‍ സായുധസേനകളും ആയുധം താഴെ വെച്ച് ലെബനന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങണമെന്നുമാണ് പ്രസിഡന്റ് ഔണ്‍ പറഞ്ഞത്.
എന്നാല്‍ ഹിസ്ബുല്ലയുടെ നിരായുധീകരണത്തിനായി യു.എസ് നിരന്തരമായി സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് ജോസഫ് ഔണിന്റെ ആഹ്വാനം. ഇസ്രഈലിന്റെ ഭാഗത്ത് നിന്ന് സൈനിക നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് മുമ്പ് ഹിസ്ബുല്ല നിരായുധീകരണത്തിന് തയ്യാറാകണമെന്നാണ് യു.എസിന്റെ നിലപാട്.
അതേസമയം ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഹിസ്ബുല്ലയുടെ നിരായുധീകരണം ആവശ്യപ്പെടുന്നവര്‍ ഇസ്രഈലിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങണമെന്നാണ് ആവശ്യപ്പെടുന്നതും സമ്മര്‍ദങ്ങളില്‍ വഴങ്ങില്ലെന്നും ഹിസ്ബുല്ല തലവന്‍ ഷെയ്ഖ് നയീം കാസെം പറഞ്ഞു.
ഹിസ്ബുല്ലയുടെ ആയുധങ്ങള്‍ ലെബനന്റെ ശക്തിയുടെ ഭാഗമാണെന്നും നയീം കാസെം കൂട്ടിച്ചേര്‍ത്തു. ഇസ്രഈല്‍ സൈന്യം ലെബനനില്‍ നിന്ന് പിന്‍വാങ്ങുകയും ആക്രമണം അവസാനിപ്പിക്കുകയും ചെയ്യാത്ത പക്ഷം നിരായുധീകരണം സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്കും ഹിസ്ബുല്ല തയ്യാറാകില്ലെന്നും നയീം കാസെം വ്യക്തമാക്കി.
കഴിഞ്ഞ നവംബറില്‍ യു.എസിന്റെ മധ്യസ്ഥതയില്‍ ഇസ്രഈലും ലെബനനും വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു. എന്നാല്‍ 2025 ഫെബ്രുവരിയില്‍ ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലെബനന്‍ ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കിയിരുന്നു.
യു.എന്‍ സുരക്ഷാ കൗണ്‍സിലിലാണ് ഇസ്രഈലിനെതിരെ ലെബനന്‍ പരാതി നല്‍കിയത്. ഇസ്രഈലിന്റെ ആവര്‍ത്തിച്ചുള്ള കരാര്‍ ലംഘനത്തില്‍ നടപടിയെടുക്കണമെന്നാണ് ലെബനന്‍ ആവശ്യപ്പെട്ടിരുന്നത്.
ഇസ്രഈല്‍ തുടര്‍ച്ചയായി ‘യു.എന്‍ പ്രമേയം 1701’ ലംഘിക്കുകയാണെന്നും ലെബനന്‍ പരാതിയില്‍ പറഞ്ഞിരുന്നു. 2006 ഓഗസ്റ്റ് 11ന് അംഗീകരിച്ച യു.എന്‍ പ്രമേയം 1701, ഹിസ്ബുല്ലയും ഇസ്രഈലും തമ്മിലുള്ള ശത്രുത പൂര്‍ണമായും അവസാനിപ്പിക്കണമെന്നും തെക്കന്‍ ലെബനനിലെ ബ്ലൂ ലൈനിനും ലിറ്റാനി നദിക്കും ഇടയില്‍ ഒരു ആയുധരഹിത മേഖല സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Content Highlight: Lebanese president calls on Hezbollah to lay down arms amid US pressure