വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം അധിക താരിഫ് ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുടര്‍ച്ചയായ ഭീഷണിക്ക് പിന്നാലെയാണ് ട്രംപിന്റെ നടപടി. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ തീരുമാനം.
നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫാണ് യു.എസ് ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ 25 ശതമാനം അധിക താരിഫ് കൂടി ചുമത്തിയുള്ള ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യക്ക് മേല്‍ യു.എസ് ചുമത്തിയ താരിഫ് 50 ശതമാനമാകും.
ഇന്ത്യക്ക് മേലുള്ള 25 ശതമാനം താരിഫ് ഓഗസ്റ്റ് ഒമ്പതിന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ട്രംപ് അധിക ചുങ്കം ഏര്‍പ്പെടുത്തിയത്. പുതിയ താരിഫ് മൂന്ന് ആഴ്ചക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.
നേരത്തെ 70ല്‍ അധികം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 10 ശതമാനം മുതല്‍ 41 ശതമാനം വരെ പരസ്പര തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരുന്നത്.
ഇതുപ്രകാരം ഇന്ത്യക്ക് 25 ശതമാനവും തായ്‌വാനില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനവും ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ 30 ശതമാനവും തീരുവ ചുമത്താനായിരുന്നു അമേരിക്കയുടെ തീരുമാനം. ഇന്ത്യയ്ക്ക് പുറമെ കസാഖ്സ്ഥാന്‍, ടുണീഷ്യ, മോള്‍ഡോവ എന്നീ രാജ്യങ്ങള്‍ക്കും യു.എസ് 25 ശതമാനം തീരുവ ചുമത്തിയിരുന്നു.
സിറിയക്ക് മേല്‍ 41 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയിരിക്കുന്നത്. ലാവോസ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ 40 ശതമാനവും സ്വിറ്റ്സര്‍ലാന്‍ഡിന് മേല്‍ 39 ശതമാനവുമാണ് ചുമത്തിയിട്ടുള്ളത്.
ഇറാഖ്, സെര്‍ബിയ എന്നിവയുടെ മേല്‍ 35 ശതമാനം തീരുവയാണ് ചുമത്തിയത്. ദക്ഷിണാഫ്രിക്കക്ക് പുറമെ അള്‍ജീരിയ, ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന, ലിബിയ എന്നിവയുടെ മേലിലും 30 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ് ഉത്തരവില്‍ പറഞ്ഞിരുന്നു.
അതേസമയം ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്നാം എന്നിവയുടെ മേല്‍ 20 ശതമാനവും പാകിസ്ഥാന്‍, തായ്‌ലാന്‍ഡ്, ഫിലിപ്പിന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ 19 ശതമാനം തീരുവയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇസ്രഈല്‍, തുര്‍ക്കി, ജപ്പാന്‍, നൈജീരിയ, ഘാന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 15 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. അതേസമയം ബ്രസീല്‍, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മേല്‍ 10 ശതമാനം മാത്രം തീരുവയാണ് ചുമത്തിയിരിക്കുന്നത്.
Content Highlight: Trump announces additional 25 percent tariff on India