| Tuesday, 7th July 2026, 6:51 am

ഹമാസിന്റെ തീരുമാനം സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ; ഫലസ്തീന്റെ ഏകീകൃത ഭരണത്തിന് സമ്പൂര്‍ണ പിന്തുണയും

ആദർശ് എം.കെ.

ന്യൂയോര്‍ക്: ഹമാസ് തങ്ങളുടെ അടിയന്തര ഭരണസമിതി പിരിച്ചുവിട്ടതായും, ഗസയുടെ ഭരണച്ചുമതല പുതിയ ദേശീയ സമിതിക്ക് കൈമാറിയിനെ കുറിച്ചുമുള്ള തീരുമാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച വ്യക്തമാക്കി.

ഹമാസിന്റെ ഈ തീരുമാനത്തെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു. ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിനും, സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, മാനുഷിക സഹായങ്ങള്‍ തടസമില്ലാതെ എത്തിക്കുന്നതിനും സഹായകമാകുന്ന ഏത് നീക്കത്തെയും അനുകൂലിക്കുന്നതായി യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രദേശത്ത് വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനും ഭരണപരമായ ചുമതലകള്‍ പുതുതായി രൂപീകരിച്ച ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ’ (എന്‍.സി.എ.ജി) എന്ന ദേശീയ സമിതിക്ക് കൈമാറുന്നതിനുമാണ് ഈ ഹമാസ് ഭരണസമിതി പിരിച്ചുവിട്ടത്. വിവിധ ഫലസ്തീന്‍ കക്ഷികള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ള ഏകീകൃത ഭരണസംവിധാനത്തിനായുള്ള ശ്രമങ്ങളെ യു.എന്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയേതരവും സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്നതുമായ ഒരു സമിതിയാണ് നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗസ. പ്രമുഖ ഫലസ്തീന്‍ വ്യക്തിത്വങ്ങളാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്.

കഴിഞ്ഞ ജനുവരി പകുതി മുതല്‍ ഈ സമിതി ഈജിപ്തിലെ കെയ്‌റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇസ്രഈലിന്റെ നിയന്ത്രണങ്ങള്‍ കാരണം ഗസയ്ക്കുള്ളില്‍ പ്രവേശിച്ച് ഇതുവരെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

തങ്ങള്‍ ഭരണത്തില്‍ നിന്ന് മാറുന്നതോടെ ഈ സമിതിക്ക് ഗസയില്‍ പ്രവര്‍ത്തിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങുമെന്നാണ് ഹമാസ് പ്രതീക്ഷിക്കുന്നത്.

2025 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതി പ്രകാരമാണ് ഗസയില്‍ സാങ്കേതിക വിദഗ്ധരുടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം 2025 ഒക്ടോബറില്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ഒന്നാം ഘട്ടത്തില്‍ തങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടും, ഇസ്രഈല്‍ തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിബദ്ധതകള്‍ നിറവേറ്റുന്നില്ലെന്നും ആക്രമണം തുടരുകയാണെന്നും ഹമാസ് ആരോപിക്കുന്നു.

രാഷ്ട്രീയമായ ഈ മാറ്റങ്ങള്‍ക്കിടയിലും ഗസയിലെ മാനുഷിക സാഹചര്യം അതീവ സങ്കീര്‍ണമായി തുടരുകയാണെന്ന് യു.എന്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്രഈല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധവും നിയന്ത്രണങ്ങളും കാരണം ഗസയിലേക്കുള്ള സഹായ വിതരണം വലിയ തോതില്‍ പരിമിതപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ മെയ് മാസത്തില്‍ 46,600 പാലറ്റുകള്‍ സാധനങ്ങള്‍ ഗസയില്‍ എത്തിയിരുന്ന സ്ഥാനത്ത്, ജൂണ്‍ മാസത്തില്‍ അത് 42,000 ആയി കുറഞ്ഞു.

കെറെം ഷാലോം ഒഴികെയുള്ള മറ്റെല്ലാ അതിര്‍ത്തികളും ഇസ്രഈല്‍ അടച്ചിട്ടിരിക്കുകയാണ്.

2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രായേല്‍ സൈനിക ആക്രമണങ്ങളില്‍ ഗസയില്‍ ഇതുവരെ 73,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 1,73,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഗസയിലെ 24 ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ അതിരൂക്ഷമായ പട്ടിണിയും ദുരിതവും നേരിട്ടാണ് ജീവിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഗസയിലെ സിവില്‍ ഭരണം കൂടുതല്‍ ജനകീയവും രാഷ്ട്രീയരഹിതവുമായ ഒരു മാതൃകയിലേക്ക് മാറ്റാനുള്ള തന്ത്രപരമായ നീക്കമായാണ് ഈ ഭരണമാറ്റത്തെ ലോകം വീക്ഷിക്കുന്നത്.

Content Highlight: United Nations welcomes Hamas’s decision; pledges full support for a unified Palestinian administration.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more