ജനീവ: ഇന്ത്യയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും എസ്.ഐ.ആറിനുമെതിരെ നടക്കുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് നടക്കുന്ന കൂട്ട തടങ്കലുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ്.
‘ദല്‍ഹിയില്‍ നടന്ന വലിയ തോതിലുള്ള പ്രകടനങ്ങള്‍ക്ക് മുമ്പും ശേഷവും ഇന്ത്യയില്‍ പ്രകടനക്കാര്‍, പ്രതിഷേധ നേതാക്കള്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തതായ റിപ്പോര്‍ട്ടുകള്‍ ഞങ്ങളെ ആശങ്കപ്പെടുത്തുന്നു’, പ്രസ്താവനയില്‍ പറയുന്നു.
സമാധാനമായി ഒത്തുകൂടാനുള്ള അവകാശം പൂര്‍ണമായും മാനിക്കപ്പെടുകയും നിറവേറ്റപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് അധികാരികളോട് ആവശ്യപ്പെട്ടു.
‘സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ അനിവാര്യതയുടെയും ആനുപാതികതയുടെയും കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം’, കുറിപ്പില്‍ പറയുന്നു.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കും മനുഷ്യാവകാശ ബാധ്യതകള്‍ക്കും അനുസൃതമായി, സമാധാനപരമായി പ്രതിഷേധിക്കുന്നവരോട് നിയമപാലകര്‍ പരമാവധി സംയമനം പാലിക്കുന്നുവെന്ന് അധികാരികള്‍ ഉറപ്പുവരുത്തണമെന്നും യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.
ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉടന്‍തന്നെ യാതൊരു നിബന്ധനകളുമില്ലാതെ മോചിപ്പിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
പരക്കെ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ അധികാരികള്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന അഭ്യര്‍ഥനയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Content Highlight: United Nations Human Rights expresses concerns over mass detentions during Delhi protests to-day.