| Friday, 30th January 2026, 7:27 pm

റോബോട്ട് നായ്ക്കുട്ടി 'ഗോര്‍ബി'യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്‌സ്

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സ്റ്റെം ടോക് പ്രഭാഷണത്തിനെത്തിയ സുനിത വില്യംസിന് ആതിഥേയരായ യുണീക് വേള്‍ഡ് റോബോട്ടിക്‌സ് (യു.ഡബ്ല്യു.ആര്‍) ചെറിയൊരു സമ്മാനപ്പൊതി നല്‍കി. ഏറെ കൗതുകത്തോടെ അത് തുറന്ന് നോക്കിയ ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയ്ക്ക് സന്തോഷം അടക്കാനായില്ല. തന്റെ പ്രിയപ്പെട്ട ഗോര്‍ബി എന്ന നായുടെ പേരുള്ള ഒരു റോബോട്ട് നായ്ക്കുട്ടിയായിരുന്നു ആ സമ്മാനം.

കൈവള്ളയിലൊതുങ്ങുന്ന ഗോര്‍ബിയുടെ തലയില്‍ തലോടിയാല്‍ അവന്റെ സ്‌നേഹത്തോടെയുള്ള കുര കേള്‍ക്കാം. റോബോട്ടിക് മേഖലയില്‍ നിര്‍മിത ബുദ്ധിയുടെ സംയോജനത്തോടെ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് സുനിത വേദിയില്‍ സംസാരിച്ച ശേഷം തന്നെയാണ് ഈ ‘സര്‍പ്രൈസ്’ സംഭവിച്ചത്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗം എത്രമാത്രം ഭാവനാപൂര്‍ണമായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ തെളിവാണ് ഇതെന്ന് യു.ഡബ്ല്യു.ആര്‍ സ്ഥാപകന്‍ ബന്‍സന്‍ തോമസ് ജോര്‍ജ്ജ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യു.ഡബ്ല്യു.ആര്‍.

സുനിത വില്യംസിന്റെ ഏറ്റവും പ്രിയപ്പെട്ട ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളായിരുന്നു ഗോര്‍ബിയും ഗണ്ണറും. സുനിതയ്‌ക്കൊപ്പം വിവിധ ടെലിവിഷന്‍ പരിപാടികളിലും ഗോര്‍ബി മുഖം കാണിച്ചിട്ടുമുണ്ട്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ സ്റ്റെം ടോക്‌സ് (എസ്.ടി.ഇ.എം-സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്ത്മാറ്റിക്‌സ്)ലാണ് സുനിത വില്യംസിന് യു.ഡബ്ല്യു.ആര്‍ ആതിഥേയരായത്.

സ്റ്റെം റോബോട്ടിക് ലാബുകള്‍ സ്ഥാപിക്കുകയും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രോത്സാഹനവും നൂതന കാഴ്ചപ്പാടുകളും ലഭിക്കാന്‍ സഹായിക്കുമെന്നും സുനിത വില്യംസ് പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 500ഓളം സ്റ്റെം ലാബുകള്‍ വഴി പത്ത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുമെന്ന് ബന്‍സന്‍ തോമസ് ചൂണ്ടിക്കാട്ടി.

ദിവ്യ എസ്. അയ്യര്‍, ബന്‍സന്‍ തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ എഫ്.ഐ.ആര്‍.എസ്.ടി (ഫസ്റ്റ്) എന്ന പേരിലുള്ള അന്താരാഷ്ട്ര കമ്മ്യൂണിറ്റിയുടെ ചാപ്റ്ററിന് സുനിത വില്യംസ് തുടക്കം കുറിച്ചു. അതിനോടൊപ്പം കൊച്ചിയിലും ബെംഗളൂരുവിലും പ്രത്യേകം റോബോട്ടിക്‌സ് പരിശീലന പരിപാടി നടത്തുവാന്‍ 5000 ചതുരശ്രയടിയില്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലാബുകളും, പരിശീലന കേന്ദ്രങ്ങളും സുനിതയുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു.

ഫസ്റ്റ് ടെക് ചലഞ്ച്, നാസ സ്‌പേസ് ആപ്‌സ് ചാള്‍വിങ്, ഫസ്റ്റ് ലെഗോ ചലഞ്ച്, വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡ് എന്നിവയാണ് നടത്തുന്ന പ്രധാന മത്സരയിനങ്ങള്‍.

വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡില്‍ ദേശീയ തലത്തില്‍ വിജയിച്ച ബെംഗളൂരു ഇന്‍ഡസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി, എട്ടുവയസുകാരന്‍ ഗുരാന്‍ശും സുനിതയുമായി ആശയവിനിമയം നടത്തി. ഗുരാന്‍ശുവിന്റെ ടീമായ ഭൂമി ഹീറോസ് അവര്‍ വികസിപ്പിച്ചെടുത്ത മൂണ്‍ റോവര്‍ പ്രൊജക്ടും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Content Highlight: Unique World Robotics presents robot puppy ‘Gorby’ to Sunita Williams

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more