ന്യൂദല്‍ഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പേരും പലയാവര്‍ത്തി പരാമര്‍ശിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ വെട്ടിലായി കേന്ദ്ര സര്‍ക്കരാര്‍. എപ്സ്റ്റീന്‍ ഫയല്‍സില്‍ നൂറിലേറെ തവണ ഹര്‍ദീപ് സിങ് പുരിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) കമ്മിഷന്റെ ഭാഗമായിരുന്നപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്ന മന്ത്രിയുടെ വാദങ്ങള്‍ പൂര്‍ണമായും തകര്‍ന്നുവീഴുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഐ.പി.ഐയില്‍ ഉന്നത ഉദ്യോഗസ്ഥനായ ടെര്‍ജെ റോഡ് ലാര്‍ഷന്‍ വഴിയാണ് എപ്സ്റ്റീനെ പരിചയപ്പെട്ടതെന്നും അത് കേവലം ഔദ്യോഗിക കൂടിക്കാഴ്ച മാത്രമായിരുന്നു എന്നുമാണ് ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നത്.
ഇന്റര്‍നെറ്റ് അധിഷ്ഠിത സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ലിങ്ക്ഡ്ഇന്‍ മേധാവിയായിരുന്ന റീഡ് ഹോഫ്മാന് അയച്ച ഇ-മെയിലിന്റെ പകര്‍പ്പ് എപ്സ്റ്റീനിനും അയച്ചതല്ലാതെ മറ്റ് ആശയവിനിമയങ്ങള്‍ നടന്നിട്ടില്ലെന്നും പുരി അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഈ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവരുന്നത്. യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് വെബ്സൈറ്റിലെ ‘എപ്സ്റ്റീന്‍ ലൈബ്രറി’യില്‍ 163 തവണ പുരിയുടെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇതുകൂടാതെ ‘ഹര്‍ദീപ് പുരി’ എന്ന പേര് 46 തവണയും ‘ഹര്‍ദീപ് ‘ എന്നത് 430 തവണയും പരാമര്‍ശമുണ്ട്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിധിയായിരുന്നപ്പോഴാണ് എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു വിഷയത്തില്‍ മന്ത്രിയുടെ വിശദീകരണം.
എന്നാല്‍ പുതിയ രേഖകള്‍ പ്രകാരം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും ഇവര്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നു. 2009-2017 കാലയളവില്‍ താന്‍ നാലുതവണ എപ്സ്റ്റീനെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും ഹര്‍ദീപ് സിങ് പുരി തന്നെ സമ്മതിച്ചിട്ടുണ്ട്.
2014 നവംബര്‍ 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വര്‍ധനവിനെക്കുറിച്ചും പരാമര്‍ശിക്കുന്ന ഇ-മെയില്‍ സന്ദേശം പുരി എപ്സ്റ്റീന് കൈമാറിയിട്ടുണ്ട്.
എപ്സ്റ്റീന്റെ സഹായിക്ക് ഇന്ത്യയിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വിസ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവര്‍ തമ്മില്‍ ബന്ധപ്പെട്ടതായും രേഖകള്‍ സൂചിപ്പിക്കുന്നു. 2014 ഒക്ടോബറിലാണ് അനുയായിക്ക് വിസ ഒപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുരിക്ക് എപ്സ്റ്റീന്‍ മെയില്‍ അയച്ചത്. തുടര്‍ന്ന് പുരി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലെ പര്‍മോദ്കുമാര്‍ ബജാജുമായി ബന്ധപ്പെട്ടിരുന്നു.
എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്യുന്നതിന് രണ്ട് വര്‍ഷം മുമ്പുവരെ ഇമെയിലുകള്‍ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒരു പീഡോഫൈലിനെ പലതവണ കാണുകയും സംസാരിക്കുകയും ചെയ്‌തെന്ന് തുറന്നുസമ്മതിച്ച ഒരാള്‍ കേന്ദ്രമന്ത്രിയായി തുടരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പുരി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.
ബാലപീഡകനും ലൈംഗികുറ്റവാളിയുമായ ജെഫ്രീ എപ്‌സീറ്റീനുമായുള്ള ബന്ധം വിദീകരിക്കണമെന്ന് ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും എപ്സ്റ്റീന്‍ ഫയലില്‍ പലവട്ടം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഹര്‍ദീപ് സിങ് പുരിയോട് രാജി വെക്കാന്‍ ആവശ്യപ്പെടുന്ന സാഹചര്യം വലിയ തിരിച്ചടി സമ്മാനിക്കുമെന്നതിനാല്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ മൗനം തുടരുകയാണ്.
Content Highlight: Union Minister Hardeep Singh Puri’s name mentioned 163 times in Epstein file